കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ ബ്രക്‌സിറ്റില്‍ വെള്ളം ചേര്‍ത്തു യൂറോപ്യന്‍ യൂണിയനുമായി ധാരണ പത്രത്തില്‍ ഒപ്പിടുന്നതിനെതിരെ ബ്രക്‌സിറ്റ് അനുകൂലികള്‍ തുറന്നപോരിന്. ബ്രക്‌സിറ്റിന്റെ നേട്ടങ്ങള്‍ യൂറോപ്യന്‍ യൂണിയന് അടിയറവ് പറയുന്നുവെന്നാണ് വിമര്‍ശനം. വ്യാപാര കരാര്‍ നേടുന്നുവെന്നതിന്റെ പേരില്‍ ബ്രിട്ടനെ വീണ്ടും യൂറോപ്പിന്റെ തൊഴുത്തില്‍ കെട്ടിയിടുകയാണെന്നാണ് വിമര്‍ശനം. കൂടാതെ ഇയുവില്‍ നിന്നും ഈ ആനുകൂല്യങ്ങള്‍ ലഭിക്കാനായി ബ്രിട്ടന്‍ പണവും നല്‍കണം.
ബ്രിട്ടനിലെ നിയമങ്ങള്‍, പണം, മത്സ്യം എന്നിവയ്ക്ക് മേല്‍ ബ്രസല്‍സിന് നിയന്ത്രണങ്ങള്‍ അനുവദിച്ച് കൊണ്ടാണ് കീര്‍ സ്റ്റാര്‍മര്‍ വഴങ്ങിയത്. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളും, കോടതികളെയും ബ്രിട്ടന്‍ അനുസരിക്കേണ്ടതായി വരും. ഇയു ബജറ്റിലേക്ക് പണം നല്‍കുന്ന പരിപാടി പുനരാരംഭിക്കുമെന്നും സ്റ്റാര്‍മര്‍ സമ്മതിച്ചു.
ഫ്രഞ്ച് സമ്മര്‍ദത്തിന് വഴങ്ങി 2038 വരെ ഇയു ട്രോളറുകള്‍ക്ക് പ്രവേശനം അനുവദിക്കാനും സ്റ്റാര്‍മര്‍ തയ്യാറായി. ഇമിഗ്രേഷന്‍ കുറയ്ക്കുമെന്ന പ്രഖ്യാപനങ്ങള്‍ നടത്തിയ ശേഷം 80 മില്ല്യണ്‍ യുവ യൂറോപ്യന്‍മാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനും, ജീവിക്കാനും, താല്‍ക്കാലിക ജോലി ചെയ്യാനും കരാര്‍ വഴിയൊരുക്കും. 80 മില്ല്യണ്‍ പേര്‍ക്ക് ഇതുവഴി പ്രവേശനം സിദ്ധിക്കുമെന്നതാണ് അവസ്ഥ.
അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരം ലഭിച്ചാല്‍ കരാര്‍ റദ്ദാക്കുമെന്ന് കെമി ബാഡെനോകും, നിഗല്‍ ഫരാഗും പ്രഖ്യാപിച്ചു. കീര്‍ സ്റ്റാര്‍മറുടെ പ്രവൃത്തിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് മുന്‍ പ്രധാനമന്ത്രിയും, ബ്രക്‌സിറ്റിന് നേതൃത്വം നല്‍കുകയും ചെയ്ത ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചത്. ഏകപക്ഷീയമായ കരാറില്‍ ഒപ്പുവെയ്ക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്രക്‌സിറ്റില്‍ തിരിച്ചുപോക്കില്ലെന്ന മുന്‍ വാഗ്ദാനം വിഴുങ്ങിയാണ് സ്റ്റാര്‍മര്‍ രാജ്യത്തെ വില്‍ക്കുന്നതെന്ന് മുന്‍ ടോറി നേതാവ് ആരോപിച്ചു.
കൂടുതല്‍ നിയമങ്ങള്‍ അനുസരിക്കാനും യൂറോപ്യന്‍ യൂണിയന്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനും ബാധ്യതയുണ്ടാകും. കരാറിലെ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നാണ് ചര്‍ച്ചയ്ക്ക് ചുമതലയുള്ള ക്യാബിനറ്റ് മന്ത്രി നിക്ക് തോമസ് -സിമണ്ട്‌സ് പറയുന്നത്. കുടുംബ ബില്ലുകള്‍ കുറയുമെന്നും അതിര്‍ത്തി ശക്തമാകുമെന്നുമാണ് വിശദീകരണം. വിമാനത്താവള പരിശോധന യൂറോപ്പിലാകെ ലഘൂകരിക്കുമെന്നും ഇ ഗെയ്റ്റുകള്‍ മാറുമെന്നും വിശദീകരിക്കുന്നു.
ഏതായാലും കുടിയേറുന്നവരും എന്‍എച്ച്എസ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിലുള്‍പ്പെടെ ചര്‍ച്ച നടക്കുകയാണ്. യൂത്ത് മൊബിലിറ്റ് പദ്ധതിയെന്ന പേരില്‍ അനുവാദം നല്‍കുന്നത് യൂറോപ്യന്‍ യൂണിയന് വഴങ്ങുന്നതിന് തുല്യമെന്ന് വിമര്‍ശകര്‍ പറയുന്നു.