എന്‍എച്ച്എസിന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ അമിതവണ്ണത്തിനെതിരായ ഇഞ്ചക്ഷനുകള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ഇക്കാര്യത്തില്‍ ഹെല്‍ത്ത് സര്‍വ്വീസ് വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് സ്ട്രീറ്റിംഗ് നിര്‍ദ്ദേശിക്കുന്നത്. ഇഞ്ചക്ഷനുകള്‍ക്ക് ബ്രിട്ടന്റെ ആരോഗ്യം മാറ്റിമറിക്കാന്‍ കഴിയുമെന്ന് വ്യക്തമായതോടെയാണ് ഇത്.
നിലവിലെ പദ്ധതികള്‍ പ്രകാരം യോഗ്യതയുള്ള 3.4 മില്ല്യണ്‍ ജനങ്ങള്‍ക്ക് തടികുറയ്ക്കാനുള്ള ഇഞ്ചക്ഷനായ മൗണ്‍ജാരോ ലഭ്യമാക്കാന്‍ 12 വര്‍ഷമെങ്കിലും വേണ്ടിവരും. ഈ മരുന്ന് വ്യാപകമായി നിര്‍ദ്ദേശിക്കുന്നത് വഴി ഹൃദയാഘാതവും, കാന്‍സര്‍ നിരക്കും കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ ദീര്‍ഘമായി ജീവിക്കാനും സഹായിക്കും.
2050ന് മുന്‍പ് 15 മില്ല്യണ്‍ ആളുകള്‍ക്ക് ഇഞ്ചക്ഷന്‍ നല്‍കാന്‍ കഴിഞ്ഞാല്‍ യുകെയ്ക്ക് 52 ബില്ല്യണ്‍ പൗണ്ട് ലാഭിക്കാന്‍ കഴിയുമെന്നാണ് ടോണി ബ്ലെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ചേഞ്ച് പഠനം പറയുന്നത്. ഇനി ആക്‌സിലേറ്ററില്‍ കാലമര്‍ത്തുന്നതാണ് കാണേണ്ടതെന്ന് ഹെല്‍ത്ത് സെക്രട്ടറി പ്രതികരിച്ചു.
മൗണ്‍ജാരോ ബ്രാന്‍ഡിന് കീഴില്‍ ലഭ്യമാക്കുന്ന ടിര്‍സെപാറ്റൈഡ് ഇപ്പോള്‍ എന്‍എച്ച്എസ് ഉപയോഗത്തിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് & കെയര്‍ എക്‌സലന്‍സ് അംഗീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന മുന്‍ഗണന നല്‍കുന്ന 220,000 രോഗികള്‍ക്കായി എന്‍എച്ച്എസ് അടുത്ത മൂന്ന് വര്‍ഷത്തില്‍ ഇഞ്ചക്ഷന്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.