ലണ്ടന്‍: യുകെയിലെ ലേബര്‍- ടോറി പാര്‍ട്ടികളുടെ ഉറക്കം കെടുത്തി ഇന്നലെ കുരുത്ത റിഫോം യുകെ ജനപ്രീതിയില്‍ മുന്നേറി ഒന്നാമത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കണ്ട റിഫോം യുകെയുടെ കുതിപ്പ് തുടരുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പതനം ഒരു തുടര്‍ക്കഥയാവുകയാണ്. ഏറ്റവും ഒടുവില്‍ നടന്ന അഭിപ്രായ സര്‍വ്വേയില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും പുറകിലായി നാലാം സ്ഥാനത്താണ് ടോറികളുടെ നില. യു ഗവ് നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ വെറും 16 ശതമാനം പോയിന്റുകള്‍ മാത്രമാണ് അവര്‍ക്ക് നേടാനായത്. 17 ശതമാനം പോയിന്റുകളോടെ ലിബറല്‍ ഡെമോക്രാറ്റുകള്‍ മൂന്നാം സ്ഥാനത്ത് എത്തി. 2019 ന് ശേഷം ഇത് ആദ്യമായാണ് ടോറികള്‍ നാലാം സ്ഥാനത്ത് എത്തുന്നത്.
അതേസമയം, റിഫോം യുകെ തങ്ങളുടെ കുതിപ്പ് തുടരുകയാണ് 22 പോയിന്റ് നേടി രണ്ടാം സ്ഥാനത്ത് എത്തിയ ലേബര്‍ പാര്‍ട്ടിയേക്കാള്‍ ഏഴ് പോയിന്റ് കൂടുതല്‍ നേടി 29 പോയിന്റുകളോടെയാണ് അവര്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇത് വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍, നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിക്ക് 42 സീറ്റുകളുടെ ഭൂരിപക്ഷം ലഭിക്കും എന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ പറയുന്നത്.
മെയ് ഒന്നിന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ 10 കൗണ്‍സിലുകളില്‍ ഭരണം പിടിച്ചും, രണ്ട് മേയര്‍ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയും 600 ല്‍ ഏറെ കൗണ്‍സിലറുകളെ വിജയിപ്പിച്ചും റിഫോം യുകെ, ബ്രിട്ടനിലെ പ്രധാന രണ്ട് കക്ഷികളെയും ഞെട്ടിച്ചിരുന്നു. അതുകൂടാതെ റണ്‍കോണ്‍ ആന്‍ഡ് ഹെല്‍സ്ബി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപിലും ഇവര്‍ അപ്രതീക്ഷിത വിജയം നേടിയിരുന്നു. നൂറു കണക്കിന് സീറ്റുകള്‍ നഷ്ടപ്പെട്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കായിരുന്നു തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഉണ്ടായത്. ലേബര്‍ പാര്‍ട്ടിക്കും കാര്യമായ നേട്ടങ്ങള്‍ ഒന്നും ഉണ്ടാക്കാനായില്ല. ഒരു പാര്‍ലമെന്ററി സീറ്റ് നഷ്ടപ്പെടുകയും ചെയ്തു.
അടുത്ത തെരഞ്ഞെടുപ്പില്‍, റിഫോം യു കെ ആയിരിക്കും പ്രധാന എതിരാളികള്‍ എന്ന കണക്കുകൂട്ടലിലാണ് കീര്‍ സ്റ്റാര്‍മര്‍ കുടിയേറ്റത്തിനെതിരെയുള്ള നിലപാട് കടുപ്പിക്കുന്നത്. തീവ്ര വലതുപക്ഷമായ റിഫോം യു കെയുടെ സ്വാധീനം കൂടുന്നത് ലേബറിന്റെ ഇടതു നയങ്ങളിലും മാറ്റങ്ങള്‍ വരുത്താന്‍ പോന്നതാണ്.