കാന്‍സര്‍ ചികിത്സയിലിരിക്കേ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളി യുവതിയുടെ വിയോഗം. ഒരു വര്‍ഷത്തിലേറെയായി കാന്‍സറിന് ചികിത്സയിലായിരുന്ന ടീന സെല്‍ജോ(38) ആണ് മരണത്തിനു കീഴടങ്ങിയത്. ഇന്നലെ വൈകുന്നേരമാണ് ഡഗ്ലസ് മക്മില്ലന്‍ ഹോസ്പൈസില്‍ വച്ചാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ് സെല്‍ജോ ജോണ്‍. മക്കള്‍ ആഞ്ജലീന, ആന്‍ഡ്രിയ.
നാട്ടില്‍ കൂത്താട്ടുകുളം സ്വദേശിനിയാണ്. രണ്ടു വര്‍ഷം മുന്‍പ് കെയറര്‍ വിസയിലാണ് ടീന കുടുംബത്തോടൊപ്പം യുകെയില്‍ എത്തിയത്. ഇവിടെയെത്തി അധിക കാലം ആകും മുമ്പേ കാന്‍സര്‍ തിരിച്ചറിഞ്ഞു. ടീന നാട്ടില്‍ പോയി ചികിത്സ കഴിഞ്ഞ് മടങ്ങി വരികയും തിരിച്ചു ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും രോഗം ഗുരുതരമാകുകയായിരുന്നു.
കാന്‍സര്‍ തലച്ചോറിലേക്ക് വ്യാപിച്ചതിനാല്‍ റോയല്‍ സ്റ്റോക്ക് ഹോസ്പിറ്റലില്‍ ബ്രെയിന്‍ സര്‍ജറിയും, റേഡിയേഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സകളും നടത്തി. ഒടുവില്‍ ടീനാമോളെ ഹോസ്പൈസിലേക്ക് മാറ്റിയിരുന്നു.
നാട്ടില്‍ പോയി തന്റെ കുഞ്ഞു മക്കളെയും മാതാപിതാക്കളെയും കാണണം എന്ന അന്ത്യാഭിലാഷം ബാക്കിവച്ചാണ് ടീന യാത്രയായത്. നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള ആരോഗ്യം ഇല്ലാതിരുന്നതിനാല്‍ കുട്ടികളെ എമര്‍ജന്‍സി വിസയില്‍ യുകെയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയിലായിരുന്നു ടീനമോളുടെ മരണം.