ലണ്ടന്‍: വിവിധ മേഖലകളിലെ ശമ്പള വര്‍ധനവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ മറ്റൊരു സമരകാലം കൂടി വരുകയാണ്. തങ്ങള്‍ക്ക് പ്രഖ്യാപിച്ച നാലു ശതമാനം ശമ്പള വര്‍ധനവ് അപര്യാപ്തമെന്ന് പറഞ്ഞ ജൂനിയര്‍ ഡോക്ടര്‍മാര്‍, സമരത്തിനിറങ്ങുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പേ റീവ്യൂ ബോഡികളുടെ പല നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, പല ട്രേഡ് യൂണിയന്‍ നേതാക്കളും സമരം ഉണ്ടാകും എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇന്നലെ പ്രഖ്യാപിച്ച ശമ്പള വര്‍ധനവ് അനുസരിച്ച് അധ്യാപകര്‍ക്കും സ്‌കൂള്‍ ലീഡര്‍മാര്‍ക്കും നാലു ശതമാനത്തിന്റെ ശമ്പള വര്‍ധനവ് ഉണ്ടാകും.
സായുധ സേനകള്‍ക്ക് 4.5 ശതമാനത്തിന്റെ ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചപ്പോള്‍ നഴ്സുമാര്‍, മിഡ്വൈഫുമാര്‍, ഫിസിയോതെറാപിസ്റ്റുകള്‍ എന്നിവര്‍ക്ക് 3.6 ശതമാനത്തിന്റെ വര്‍ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുതിര്‍ന്ന സിവില്‍ സെര്‍വന്റുമാര്‍ക്ക് 3,25 ശതമാനം ശമ്പള വര്‍ധനവ് എന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പേ റീവ്യൂ ബോഡികള്‍ക്ക് മുന്‍പാകെ സര്‍ക്കാര്‍ സമര്‍പ്പിച്ചത് പൊതു മേഖല ജീവനക്കാര്‍ക്ക് 2.8 ശതമാനം ശമ്പള വര്‍ധനവ് എന്ന നിര്‍ദ്ദേശമായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പണപ്പെരുപ്പ നിരക്ക് അനുസരിച്ച് ഉപഭോക്തൃ വില സൂചിക (സി പി ഐ) പണപ്പെരുപ്പം ഏപ്രിലില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായിരുന്നു എന്ന് വ്യക്തമാകുന്നു. 3.5 ശതമാനം പണപ്പെരുപ്പമാണ് ഏപ്രിലില്‍ അനുഭവപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിലേറെയായി ഏറ്റവും ഉയര്‍ന്ന നിരക്കു കൂടിയാണിത്. പണപ്പെരുപ്പ നിരക്ക് ഇനിയും വര്‍ധിക്കുകയാണെങ്കില്‍, പൊതുമേഖല ജീവനക്കാര്‍ക്ക് വസ്തുതകള്‍ക്കനുസരിച്ചുള്ള ശമ്പള വര്‍ധനവ് ലഭിക്കുന്നു എന്ന വാദം പൊളിയും.
നിലവിലെ പണപ്പെരുപ്പ നിരക്ക് പരിഗണിക്കുമ്പോള്‍ എന്‍ എച്ച് എസ്സ് ജീവനക്കാര്‍ക്ക് ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പണപ്പെരുപ്പ നിരക്കിനേക്കാള്‍ കൂടുതല്‍ നിരക്കില്‍ ശമ്പള വര്‍ധനവ് ഉണ്ടാകുന്നത്. കണ്‍സള്‍ട്ടന്റുമാര്‍, സ്‌പെഷ്യലിസ്റ്റുകള്‍ ജി പിമാര്‍ എന്നിവര്‍ക്ക് നാലു ശതമാനം ശമ്പള വര്‍ധനവാണ് ലഭിക്കുക. ദന്തഡോക്ടര്‍മാര്‍ക്കും കൂടുതല്‍ വേതനം ലഭിക്കുന്ന വിധത്തില്‍ കോണ്‍ട്രാക്റ്റ് അപ്ലിഫ്റ്റ് ഉണ്ടാകും. അതേസമയം, റെസിഡന്റ് ഡോക്ടര്‍മാര്‍ക്ക് നാലു ശതമാനം ശമ്പള വര്‍ധനവിനു പുറമെ 750 പൗണ്ടിന്റെ ഒറ്റത്തവണ പേയ്‌മെന്റ് കൂടി ലഭിക്കുന്നതോടെ ഫലത്തില്‍ 5.4 ശതമാനത്തിന്റെ ശമ്പള വര്‍ധനവായിരിക്കും ലഭിക്കുക. ഏപ്രില്‍ ഒന്നു മുതല്‍ പില്‍ക്കാല പ്രാബല്യത്തോടെയായിരിക്കും ശമ്പള വര്‍ധനവ് നിലവില്‍ വരിക. ഓഗസ്റ്റ് മാസത്തിലെ ശമ്പളത്തോടൊപ്പമായിരിക്കും ഇത് ലഭിക്കുക.