ടീനയുടെ പൊതുദര്‍ശനം മെയ് 28ന് സെന്റ്: ജോസഫ് ബെര്‍സലേം പള്ളിയില്‍
കാന്‍സര്‍ ചികിത്സയിലിരിക്കേ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ അന്തരിച്ച ടീനയുടെ പൊതുദര്‍ശനം മെയ് 28 ബുധനാഴ്ച സെന്റ്: ജോസഫ് ബെര്‍സലേം പള്ളിയില്‍. ടീന താമസിക്കുകയും ജോലി ചെയ്യുകയും ചെയ്ത സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അവസാനമായി ഒരു നോക്കുകാണാനായി ദേവാലയത്തില്‍ പ്രാര്‍ത്ഥനകള്‍ക്കും പൊതുദര്‍ശനത്തിനും സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 9:30 മുതല്‍ 12:30 വരെ ടീനക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ ടീനയുടെ ആത്മശാന്തിക്കായി വിശുദ്ധകുര്‍ബാനയും ഒപ്പീസും അര്‍പ്പിക്കുന്നു.
ദേവാലയത്തിന്റെ വിലാസം
St Joseph's Church, Burslem, ST6 4BB
ഫ്യൂണറല്‍ ഡയറക്ടറേറ്റ് ഏറ്റെടുത്ത ടീനയുടെ മൃതദേഹം മരണ സര്‍ട്ടിഫിക്കറ്റ് കൗണ്‍സിലില്‍നിന്നും ലഭിക്കുന്നതനുസരിച്ച് നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിക്കും.
2023 ഒക്ടോബറിലാണ് ടീന ആദ്യമായി യുകെയിലേക്ക് വരുന്നത്. നാട്ടില്‍ പത്തുകൊല്ലത്തോളം കാരിത്താസ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്നു. ഇടത്തരം കുടുംബത്തില്‍ പെട്ടവരായിരുന്നു ടീനയും സെല്‍ജോയും. ടീന വന്ന് ഒരുമാസത്തിനകം തന്നെ കുടുംബത്തേയും കൊണ്ടുവന്നിരുന്നു. എട്ടും നാലും പ്രായമുള്ളവരായിരുന്നു മക്കള്‍. തൊട്ടടുത്ത വര്‍ഷം 2024 ഏപ്രിലിലാണ് സെക്കന്റ് സ്റ്റേജ് കാന്‍സര്‍ ടീനയില്‍ കണ്ടെത്തുന്നത്. പിന്നീട് ചികിത്സയ്ക്ക് നാട്ടിലേക്ക് പോവുകയും കാരിത്താസിലായിരുന്നു ഒന്‍പതു മാസത്തോളം നീണ്ട ചികിത്സ നടത്തിയത്. ശേഷം 2025 ജനുവരിയിലാണ് വീണ്ടും യുകെയിലേക്ക് എത്തിയത്.
എന്നാല്‍ രണ്ടാം വരവില്‍ രണ്ടാഴ്ച മാത്രമാണ് ടീനയ്ക്ക് ജോലി ചെയ്യാന്‍ സാധിച്ചത്. കലശലായ തലവേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് പോവുകയും നേരത്തെയുണ്ടായിരുന്ന കാന്‍സറിന്റെ തുടര്‍ച്ച പിന്നെയും ബ്രെയിനില്‍ കണ്ടെത്തി. തുടര്‍ന്ന് നാട്ടിലേക്ക് പോകാന്‍ കഴിയുന്നതും ശ്രമിച്ചെങ്കിലും ഫിറ്റ് ടു ഫ്‌ളൈ സര്‍ട്ടിഫിക്കറ്റ് ഡോക്ടര്‍മാര്‍ നല്‍കാത്തതിനാല്‍ അതിനു സാധിച്ചില്ല. തുടര്‍ന്ന് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ റോയല്‍ സ്റ്റോക്ക് ഹോസ്പിറ്റലില്‍ വച്ച് ന്യൂറോ സര്‍ജന്റെ നേതൃത്വത്തില്‍ സര്‍ജറി അടക്കം ചെയ്തിരുന്നു. അതിനു ശേഷം കുഴപ്പമൊന്നുണ്ടായിരുന്നില്ല. വീട്ടിലേക്ക് തിരിച്ചുവരികയാണെന്ന പ്രതീക്ഷയില്‍ ഇരിക്കവേയാണ് വീണ്ടും തലവേദന കൂടുകയും പരിശോധനകള്‍ വീണ്ടും നടത്തുകയും ചെയ്തത്. അപ്പോഴാണ് പൂര്‍വ്വാധികം ശക്തിയോടെ കാന്‍സര്‍ വീണ്ടും തിരിച്ചുവന്നുവെന്ന് കണ്ടെത്തിയത്.
റേഡിയോ തെറാപ്പി അടക്കം ചെയ്തു നോക്കിയെങ്കിലും തിരിച്ചെത്തിക്കുവാന്‍ സാധിച്ചില്ല. പിന്നീട് രണ്ടാഴ്ച മുമ്പ് പാലിയേറ്റീവ് കെയറിലേക്കും ഹോസ്‌പൈസിലേക്കുമൊക്കെയായി മാറ്റുകയായിരുന്നു. അവിടെയും വളരെ വേദനാജനകമായ സാഹചര്യങ്ങളിലൂടെയായിരുന്നു ടീന കടന്നുപോയത്. മക്കളേയും മാതാപിതാക്കളേയും ഒക്കെ കാണണമെന്ന ആഗ്രഹം ബാക്കിവച്ചായിരുന്നു ടീന മരണത്തിലേക്ക് പോയത്. എമര്‍ജന്‍സി വിസയില്‍ യുകെയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് ടീനമോളുടെ മരണം സംഭവിച്ചത്.
മക്കളെ കാണണമെന്ന അന്ത്യാഭിലാഷം ബാക്കിവച്ചാണ് ടീന യാത്രയായത് എന്നത് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏറെ വിഷമിപ്പിച്ചിരുന്നു.