ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ് ആരാധകരുടെ പരേഡിലേക്ക് കാര്‍ ഇടിച്ചുകയറ്റി അറസ്റ്റിലായ 53-കാരനെതിരെ വധശ്രമത്തിനും, മയക്കുമരുന്ന് ഉപയോഗിച്ചുള്ള അപകടകരമായ ഡ്രൈവിംഗിനും കേസ് ചുമത്തി. വാട്ടര്‍ സ്ട്രീറ്റിലെ സിറ്റി സെന്ററിലുണ്ടായ വന്‍ അക്രമത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 65 പേര്‍ക്കാണ് പരുക്കേറ്റതെന്ന് മേഴ്‌സിസൈഡ് പോലീസ് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് കാരെണ്‍ ജോണ്‍ഡ്രില്‍ പറഞ്ഞു.
അക്രമത്തില്‍ പരുക്കേറ്റ 50 പേരെയെങ്കിലും ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇവര്‍ക്ക് ചികിത്സ തുടരുകയാണ്. എന്നിരുന്നാലും ഇവര്‍ അപകടാവസ്ഥ തരണം ചെയ്യുന്നുവെന്നത് ആശ്വാസകരമായ വാര്‍ത്തയാണ്. റോഡില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിരോധനം ഒരു ആംബുലന്‍സിന് കടന്നുപോകാനായി തല്‍ക്കാലത്തേക്ക് മാറ്റിയിരുന്നു.
ഈ അവസരം ഉപയോഗിച്ച് കാര്‍ ഡ്രൈവര്‍ ആംബുലന്‍സിനെ പിന്തുടരുകയായിരുന്നുവെന്നാണ് കരുതുന്നതെന്ന് അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ ജെന്നി സിംസ് പറഞ്ഞു. ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ സംഭവസ്ഥലത്തെത്തി. അതേസമയം മറ്റൊരു സൗത്ത്‌പോര്‍ട്ട് കലാപത്തിന് സമാനമായ അന്തരീക്ഷം രൂപപ്പെടുന്നതിന് മുന്‍പ് പ്രതിയുടെ വിവരങ്ങള്‍ പുറത്തുവിട്ട മേഴ്‌സിസൈഡ് പോലീസ് നടപടി ഇപ്പോള്‍ പ്രശംസ നേടുകയാണ്.
സൗത്ത്‌പോര്‍ട്ട് കൊലപാതകത്തിന് പിന്നാലെ കലാപങ്ങള്‍ രൂപമെടുക്കാന്‍ വഴിയൊരുക്കിയത് വ്യക്തമായ വിവരങ്ങള്‍ക്ക് പകരം അഭ്യൂഹങ്ങള്‍ പരന്നത് മൂലമായിരുന്നു. ഇവിടെ കാര്‍ ഇടിച്ചുകയറ്റിയ പ്രതിയുടെ വംശവും, പേരും ഉള്‍പ്പെടെ അതിവേഗം പുറത്തുവിട്ട് പോലീസ് അഭ്യൂഹങ്ങള്‍ പരക്കാതെ തടഞ്ഞു.