യുകെയില്‍ രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് ബെനഫിറ്റുകള്‍ ലഭിക്കുന്നത് നിയന്ത്രിക്കുന്ന ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് എടുത്തു കളയാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്‌സണ്‍. എന്നാല്‍, ഇത് സര്‍ക്കാരിന് വലിയ ചെലവാണ് ഉണ്ടാക്കുക എന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. വരുമാനത്തെയും ആസ്തിയേയും അടിസ്ഥാനമാക്കിയുള്ള (മീന്‍സ് ടെസ്റ്റഡ്) ബെനഫിറ്റുകള്‍ ലഭിക്കാന്‍ ഇത് തടസമാകും എന്നതിനാലാണിത് എന്നും സെക്രട്ടറി പറഞ്ഞു. മൂന്നാമത്തെയോ അതിനു ശേഷമുള്ളതോ ആയ കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍ തടയുന്ന 2017 ഏപ്രിലില്‍ നിലവില്‍ വന്ന പദ്ധതി നിരവധി കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളി വിട്ടതായും ബ്രിജറ്റ് ഫിലിപ്സണ്‍ ചൂണ്ടിക്കാട്ടി.
അതേസമയം, അത് എടുത്തു കളയുക എന്നതും, സാമൂഹ്യ സുരക്ഷാ സംവിധാനം പുനസംഘടിപ്പിക്കുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അവര്‍ പറഞ്ഞു. വരുന്ന ശരത്ക്കാല ബജറ്റില്‍, ക്യാപ് എടുത്തു കളഞ്ഞുകൊണ്ടുള്ള പ്രഖ്യാപനം സര്‍ക്കാര്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റുന്നതിനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിട്ടാണിത്. ഫിലിപ്സണും, വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി ലിസ് കേന്‍ഡാലുമാണ് ഈ നയം നടപ്പിലാക്കുന്നതിന് നേതൃത്വം നല്‍കുന്നത്.
ഇക്കഴിഞ്ഞ വസന്തകാലത്ത് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്താനിരുന്നതാണ്. എന്നാല്‍, പിന്നീട് അത് ശരത്കാലത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് എടുത്തു കളയണമെന്ന് എസ് എന്‍ പിയും ലേബര്‍ പാര്‍ട്ടിയിലെ തന്നെ ചില എം പിമാരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ ഇക്കാര്യം പുനര്‍വിചിന്തനം ചെയ്യാന്‍ ഇരു സെക്രട്ടറിമാരുടേയും നേതൃത്വത്തില്‍ ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചത്.