ജൂനിയര്‍ ഡോക്ടര്‍മാരുടെ പുതിയ സമരഭീഷണിയില്‍ ജനരോഷം ഉണ്ടാകുമെന്ന്
എന്‍എച്ച്എസിനെ പ്രതിസന്ധിയിലാക്കി വീണ്ടും സമരങ്ങള്‍ക്കിറങ്ങുമെന്ന ഭീഷണി മുഴക്കിയ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഇത്തവണ പൊതുജനങ്ങളുടെ പിന്തുണയില്ലെന്ന് സര്‍വ്വെ. ഈ വര്‍ഷം 5.4 ശതമാനം ശമ്പളവര്‍ധന നല്‍കാനുള്ള ഗവണ്‍മെന്റ് ഓഫര്‍ തള്ളിക്കളഞ്ഞ ജൂനിയര്‍ ഡോക്ടര്‍മാര്‍ പുതിയ സമര പരമ്പരയ്ക്ക് അനുമതി തേടി അംഗങ്ങളുടെ ബാലറ്റിന് തുടക്കം കുറിച്ചിരിക്കുകയാണ്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം 22% ശമ്പളവര്‍ദ്ധനവുമായി പൊതുമേഖലയിലെ ഏറ്റവും കൂടുതല്‍ വര്‍ദ്ധന ജൂനിയര്‍ ഡോക്ടര്‍മാര്‍ കരസ്ഥമാക്കിയിരുന്നു. എന്‍എച്ച്എസ് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിന്റെ നാലിലൊന്ന് മാത്രമാണ് വര്‍ദ്ധന നല്‍കിയത്. അതുകൊണ്ട് തന്നെയാണ് ഇക്കുറി പൊതുജന പിന്തുണ ഡോക്ടര്‍മാര്‍ക്ക് കുറയുന്നത്.
കഴിഞ്ഞ സമ്മറില്‍ 52 ശതമാനം ജനങ്ങള്‍ ഡോക്ടര്‍മാരുടെ സമരങ്ങളെ പിന്തുണച്ചെങ്കില്‍ ഇക്കുറി ഇത് കേവലം 39 ശതമാനമാണെന്ന് യൂഗോവ് സര്‍വ്വെ വ്യക്തമാക്കി. മന്ത്രിമാരുടെ പുതിയ ഓഫര്‍ ഒട്ടും പര്യാപ്തമല്ലെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു. സമ്പദ് വ്യവസ്ഥ ശക്തമാകുന്നത് വരെ കാത്തിരിക്കാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.
2023, 2024 വര്‍ഷത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ മൂലം ഒരു മില്ല്യണിലേറെ അപ്പോയിന്റ്‌മെന്റുകളാണ് റദ്ദാക്കേണ്ടി വന്നത്. എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നത് സുപ്രധാനമായതിനാല്‍ ഗവണ്‍മെന്റിനെ സമ്മര്‍ദത്തിലാക്കി കാര്യം നടത്താമെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ നിലപാട്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേത് പോലെ ബിഎംഎ ആവശ്യങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങുന്നത് ഗവണ്‍മെന്റിന് എളുപ്പമാകില്ല.
മറ്റ് യൂണിയനുകളെ തിരസ്‌കരിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് വന്‍ വര്‍ധന ഓഫര്‍ ചെയ്ത മുന്‍ അനുഭവമുള്ളതിനാല്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെറിയ ചെറിയ വര്‍ദ്ധനയില്‍ ഒതുങ്ങാന്‍ സമ്മതം മൂളില്ല. ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങുമ്പോള്‍ മറ്റ് എന്‍എച്ച്എസ് ജീവനക്കാര്‍ ഇതിന്റെ ഭാരം ചുമക്കേണ്ടി വരുന്നത് രോഷം കൂട്ടും.