യുകെയില്‍ കുടുംബ ബജറ്റ് താളം തെറ്റിച്ചു ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ തുടരെ നാലാം മാസവും വന്‍ കുതിച്ചു കയറ്റം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. സ്റ്റീക്ക് ഉള്‍പ്പെടെയുള്ള മാംസ ഉത്പന്നങ്ങളുടെ വിലയിലെ കുതിച്ചു കയറ്റമാണ് ഭക്ഷ്യവില ഉയര്‍ന്നതിന് പിന്നില്‍. തുടര്‍ച്ചയായ നാലാം മാസമാണ് ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ഉയരുന്നത്. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തിന്റെ (ബിആര്‍സി) ഏറ്റവും പുതിയ ഷോപ്പ് കണക്കുകള്‍ പ്രകാരം ഏപ്രിലില്‍ 2.6% വര്‍ധനവിന് ശേഷം മെയ് മാസത്തില്‍ നിരക്ക് വര്‍ധനവ് 2.8% ആയി.
യുഎസ് ഏര്‍പ്പെടുത്തിയ താരിഫുകളുടെ ആഘാതം കുറയ്ക്കുന്നതിനായി ചില്ലറ വ്യാപാരികള്‍ വിലകുറച്ചതിനെ തുടര്‍ന്ന് ഭക്‌ഷ്യേതര വസ്തുക്കളുടെ പ്രത്യേകിച്ച് ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ വിലയില്‍ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞമാസം മുതല്‍ തൊഴില്‍ ഉടമകള്‍ക്ക് ഏര്‍പ്പെടുത്തിയ ദേശീയ ഇന്‍ഷുറന്‍സിലെ വര്‍ധനവ് വിപണിയില്‍ പ്രതിഫലിക്കുമെന്ന് ബിബിസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
ഈ വര്‍ഷം അവസാനം, പുതിയ പാക്കേജിംഗ് നികുതിയുമായി ബന്ധപ്പെട്ട ചെലവുകളില്‍ 2 ബില്യണ്‍ പൗണ്ടിന്റെ വര്‍ധനവ് ചില്ലറ വ്യാപാരികളും വഹിക്കേണ്ടിവരും. ചെലവ് വര്‍ധനവ് ചില്ലറ വ്യാപാരികളെ വിലക്കയറ്റം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ നിര്‍ബന്ധിതരാക്കുമെന്ന് ബിആര്‍സി പറഞ്ഞു. ഇത് സ്വാഭാവികമായിട്ടും വില ഉയരുന്നതിന് കാരണമാകും.
വാര്‍ഷിക പണപ്പെരുപ്പം ഏപ്രിലില്‍ പ്രതീക്ഷിച്ചതിലും വലിയ തോതില്‍ 3.5% ആയി ഉയര്‍ന്നു എന്നാണ് കഴിഞ്ഞ ആഴ്ച ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ആണ് ഈ വര്‍ധനവ് എത്തിയത്. വാട്ടര്‍ ബില്ലുകള്‍, ഊര്‍ജ്ജ ചെലവുകള്‍, കൗണ്‍സില്‍ നികുതി എന്നിവയിലെ വര്‍ദ്ധനവ് ഏപ്രില്‍ മാസത്തില്‍ ജനജീവിതം ദുരിത പൂര്‍ണ്ണമാക്കിയത്.
കഴിഞ്ഞ ആഴ്ചയിലെ ഡാറ്റ കാണിക്കുന്നത് ബ്രിട്ടന്റെ പണപ്പെരുപ്പ നിരക്ക് ഏപ്രിലില്‍ പ്രതീക്ഷിച്ചതിലും വലിയ 3.5% എത്തിയെന്നാണ്, 2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്.
എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനിലെ വര്‍ദ്ധനവും, നാഷണല്‍ മിനിമം വേജിലെ വര്‍ദ്ധനവും വിലക്കയറ്റം സൃഷ്ടിക്കാന്‍ കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളായിരുന്നു. എന്നാല്‍ ഇത് പരിഗണിച്ചും സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കിയതിലും ഏറെ തോതില്‍ പണപ്പെരുപ്പം ഉയര്‍ന്നു.
ഗ്യാസ്, വൈദ്യുതി, വെള്ളം, ഗതാഗംത എന്നിങ്ങനെ സകല ബില്ലുകളും ഉയര്‍ന്നത് കുടുംബങ്ങള്‍ക്ക് ഏപ്രില്‍ മാസം ദുരിത മാസമായി മാറിയിരുന്നു. കുടുംബങ്ങളുടെ ബില്ലുകളില്‍ സുപ്രധാന തോതില്‍ വര്‍ധന രേഖപ്പെടുത്തിയത് പണപ്പെരുപ്പം കുത്തനെ ഉയരാന്‍ ഇടയാക്കിയെന്ന് ഒഎന്‍എസ് പറയുന്നു.