ഗ്യാസ് ചോര്‍ച്ചകള്‍ പരിഹരിക്കുന്നതിന് കാലതാമസം വരുത്തിയ മൂന്ന് ഗ്യാസ് കമ്പനികള്‍ക്ക് എനര്‍ജി വാച്ച് ഡോഗ് ഓഫ് ജെം പിഴ ചുമത്തി. ഗുരുതരമായ അപകടം ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി മൂന്ന് കമ്പനികള്‍ക്ക് 8 മില്യണ്‍ പൗണ്ട് ആണ് പിഴ ചുമത്തിയത്. 2022 നും 2023 നും ഇടയില്‍ മൂന്നു കമ്പനികളും ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിന് ഗുരുതരമായ വീഴ്ച വരുത്തിയതായാണ് റെഗുലേറ്റര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
കേഡന്റ് ഗ്യാസ്, സ്കോട്ട്ലന്‍ഡ് ഗ്യാസ് നെറ്റ്‌വര്‍ക്ക്സ് (എസ്‌ജിഎന്‍ സ്കോട്ട്ലന്‍ഡ്), സതേണ്‍ ഗ്യാസ് നെറ്റ്‌വര്‍ക്ക്സ് (എസ്‌ജിഎന്‍ സതേണ്‍) എന്നീ മൂന്ന് സ്ഥാപനങ്ങള്‍ പിഴ അടയ്ക്കാന്‍ സമ്മതിച്ചതായി ഓഫ്‌ജെം പറഞ്ഞു. 97 ശതമാനം കേസുകളിലും ഒന്നു മുതല്‍ രണ്ട് മണിക്കൂറിനുള്ളില്‍ വാതകചോര്‍ച്ച പരിഹരിക്കുന്നതില്‍ ഈ കമ്പനികള്‍ വീഴ്ചവരുത്തിയതായാണ് കണ്ടെത്തിയത് . കമ്പനിയുടെ നടപടികള്‍ പൊതുജനങ്ങള്‍ക്ക് ഗുരുതരമായ അപകടസാധ്യതയ്ക്ക് കാരണമായതായി ഓഫ് ജെം പറഞ്ഞു.
ഗ്യാസ് ചോര്‍ച്ചയെ കുറിച്ച് വേഗത്തില്‍ അന്വേഷിച്ചില്ലെങ്കില്‍ വീടുകള്‍ക്കും ബിസിനസുകള്‍ക്കും ഉണ്ടാകാവുന്ന അപകടസാധ്യത വളരെ വലുതാണെന്നും അതിനാല്‍ തന്നെ ഈ കമ്പനികള്‍ പ്രശ്നത്തിന്റെ ഗൗരവം ഏറ്റെടുത്തിട്ടുണ്ടെന്നും ഓഫ് ജെമിന്റെ മാര്‍ക്കറ്റ് ഓവര്‍സിറ്റി ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ കാതറിന്‍ സ്കോട്ട് പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ വീണ്ടും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മൂന്ന് കമ്പനികളും അവരുടെ സംവിധാനങ്ങളും നടപടിക്രമങ്ങളും മെച്ചപ്പെടുത്തണമെന്ന് കാതറിന്‍ സ്കോട് പറഞ്ഞു. നിയമങ്ങള്‍ പാലിക്കുന്നത് ഗൗരവമായി കാണണമെന്നും കമ്പനികള്‍ അവരുടെ ബാധ്യതകള്‍ നിറവേറ്റുവാന്‍ പരാജയപ്പെടുകയാണെങ്കില്‍ വീണ്ടൂം നടപടിയെടുക്കാന്‍ മടിക്കില്ലെന്നും അവര്‍ കൂട്ടി ചേര്‍ത്തു.