യുകെയില്‍ തുടങ്ങിയ വേനല്‍ പതിവിലും ചൂടേറിയ കാലമായിരിക്കും. ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നാണ് മെറ്റ് ഫീസിന്റെ മുന്നറിയിപ്പ്. 2025 ല്‍ സാധാരണയേക്കാള്‍ ഇരട്ടി ചൂടുണ്ടാകുമെന്നാണ് പ്രവചനം. ഈ വര്‍ഷത്തെ വേനല്‍കാലം ഇതുവരെയുള്ളതിനേക്കാള്‍ അധിക ചൂടാകും. മെറ്റ് ഓഫീസിന് പുറമെ വിവിധ ഏജന്‍സികളില്‍ നിന്നും ചൂടുള്ള കാലാവസ്ഥയാകുമെന്ന് മുന്നറിയിപ്പ് വന്നിട്ടുണ്ട്.
യുകെയിലാകെ ജല ലഭ്യത കുറഞ്ഞിരിക്കുകയാണ്. ഇതിനിടെ കാലാവസ്ഥ പ്രശ്‌നം ജനങ്ങള്‍ക്ക് തിരിച്ചടിയാകും. ജല ഉപയോഗങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ടായേക്കും.
വന്‍തോതിലുള്ള ജനസംഖ്യാ വര്‍ദ്ധന, തകരുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍, കാലാവസ്ഥാ സമ്മര്‍ദങ്ങള്‍ എന്നിവ ചേര്‍ന്ന് രാജ്യത്തെ ജലവിതരണം പ്രതിസന്ധിയിലാക്കുന്നതായി ഗവണ്‍മെന്റ് സമ്മതിച്ചു. 'ബ്രിട്ടന്‍ കുടിവെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്', ജലമന്ത്രി എമ്മാ ഗാര്‍ഡി പറഞ്ഞു. കണ്‍സര്‍വേറ്റീവുകള്‍ക്ക് കീഴില്‍ ഈ മേഖലയില്‍ നിക്ഷേപം കുറഞ്ഞതാണ് കാരണമെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
ഈ പ്രതിസന്ധി മൂലം അടുത്ത ദശകത്തിന്റെ മധ്യത്തില്‍ കുടിവെള്ള വിതരണം ബുദ്ധിമുട്ടിലാകും. അതിനാല്‍ റിസര്‍വോയറുകള്‍ നിര്‍മ്മിക്കാനുള്ള അസാധാരണ ചുവടുവെയ്പ്പുകളാണ് നടത്തുന്നത്, ഗാര്‍ഡി വ്യക്തമാക്കി.
കേംബ്രിഡ്ജിലും, നോര്‍ത്ത് സസെക്‌സിലും പുതിയ ആയിരക്കണക്കിന് വീടുകള്‍ നിര്‍മ്മിക്കാന്‍ ഈ ജലക്ഷാമം തടസ്സമാകുന്നുണ്ട്. എന്നാല്‍ ഇമിഗ്രേഷന്‍ പരാജയങ്ങളുടെ പേരിലുള്ള വീഴ്ചകള്‍ മറച്ചുവെയ്ക്കാനാണ് ലേബര്‍ ഈ തന്ത്രം ഇറക്കുന്നതെന്ന് ഷാഡോ എന്‍വയോണ്‍മെന്റ് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് പ്രതികരിച്ചു.