തെക്കന്‍ ലണ്ടനിലെ ക്രോയ്‌ഡോണില്‍ ഫിഫ്ത്ത് റോഡില്‍ 20 കാരി കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ശക്തമാക്കി. ഇന്നലെ, രാവിലെ ഒന്‍പത് മണി കഴിഞ്ഞയുടനെയായിരുന്നു സംഭവം. പോലീസും പാരാമെഡിക്സും വിവരമറിഞ്ഞയുടന്‍ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു., വഴിയാത്രക്കാരനായ ഒരു കൗമാരക്കാരന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുത്തേറ്റ യുവതി സംഭവസ്ഥലത്ത് വെച്ചു തന്നെ മരിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. കുത്തില്‍ പരിക്കേറ്റ മറ്റൊരു വ്യക്തിയ ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് ജീവനക്കാര്‍ ചികിത്സിച്ചു. പിന്നീട് ഇയാളെ ആശുപത്രിയിലെക്ക് മാറ്റി.
പ്രായം മുപ്പതുകളില്‍ ഉള്ള ഈ വ്യക്തിയെ പിന്നീട് കൊലപാതക കുറ്റത്തിന് പോലീസറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോഴും ആശുപത്രിയില്‍ തന്നെ തുടരുകയാണെന്ന് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് അറിയിച്ചു. തൊട്ടടുത്തുള്ള ഒരു വീട്ടില്‍ നിന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. പിന്നീട് അത് രൂക്ഷമായി തെരുവിലേക്ക് എത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ പോലീസ് തയ്യാറായിട്ടില്ല.