യുകെയില്‍ മലയാളിയായ റിമാന്‍ഡ് പ്രതി കസ്റ്റഡിയില്‍ മരിച്ചു; വിടപറഞ്ഞത് പിറവം സ്വദേശി
മലയാളിയായ റിമാന്‍ഡ് പ്രതി യുകെയില്‍ മരിച്ചു. പൊലീസ് കസ്റ്റഡിയില്‍ വച്ചാണ് മരണം. മണീട് ഗവ .എല്‍പി സ്‌കൂളിന് സമീപം കുന്നത്തു കളപ്പുരയില്‍ ജോണിന്റെയും മോളിയുടേയും മകന്‍ എല്‍ദോസാണ് (34) മരിച്ചത്.
ഇംഗ്ലണ്ടിലെ ബെയിങ്‌സ്‌റ്റോക്കിലാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതിയില്‍ എല്‍ദോസ് നാളുകളായി പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്നാണ് വിവരം. നഴ്‌സായ ഭാര്യയുടെ പരാതിയിലാണ് എല്‍ദോസിനെ പൊലീസ് കൊണ്ടുപോയത്. ഇതിനിടെ എല്‍ദോസിനെ യുകെയിലുള്ള മാതൃസഹോദര ഭാര്യ സ്മിതയും മകനും സ്‌റ്റേഷനിലെത്തി കണ്ടിരുന്നു. ഫോണും എടിഎം കാര്‍ഡും എല്‍ദോസ് ഇവര്‍ക്കു കൈമാറി. പിന്നാലെ ഇരുവരും പിറവത്തേക്ക് മടങ്ങി.
അതിന് ശേഷം ബര്‍മിങ്ഹാമില്‍ സ്മിതയും മകനും താമസിക്കുന്ന വീട്ടില്‍ പൊലീസ് അന്വേഷിച്ചെത്തി. കഴിഞ്ഞ 27ന് വൈകീട്ട് നാട്ടിലെ ഫോണില്‍ വിളിച്ച് എല്‍ദോസ് മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്മിതയും ബന്ധുവും യുകെയിലേക്ക് തിരിച്ചിട്ടുണ്ട്. 5ന് ഓക്‌സ്ഫഡില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. മൃതദേഹം നാട്ടിലെത്തിക്കാനും ശ്രമം തുടങ്ങി. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയാണ് എല്‍ദോസ് യുകെയിലെത്തിയത്. നാലു വയസ്സുള്ള മകളുണ്ട്. മരണ കാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ.
കുടുംബ വഴക്കിനെ തുടര്‍ന്ന് 2024 നവംബറിലാണ് സൗത്താംപ്ടണിന് സമീപം ബേസിങ്സ്റ്റോക്കില്‍ താമസിക്കുകയായിരുന്ന യുവാവ് റിമാന്‍ഡിലായത്. നഴ്സായ ഭാര്യ ജോലി സ്ഥലത്ത് ഭീതിയോടെ പെരുമാറുന്നത് കണ്ട് നഴ്സ് മാനേജര്‍ പൊലീസിന് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ഇവരുടെ മൂന്നര വയസ്സുള്ള കുഞ്ഞിനെ ഭീഷണിപ്പെടുത്തിയെന്നത് ഉള്‍പ്പടെയുള്ള കുറ്റം ചുമത്തി ക്രിമിനല്‍ കേസ് എടുത്തത്.
നഴ്സ് മാനേജര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസ് വിചാരണ തീരാതെ പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് യുവാവ് റിമാന്‍ഡില്‍ തുടരേണ്ടി വന്നത്.