ഡോക്ടറും, നിരവധി നഴ്‌സുമാരും അടക്കമുള്ള വനിതാ സഹജീവനക്കാര്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയതിനു യുകെയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കോടതി കയറുന്നു. 55-കാരനായ ഡോ. അമല്‍ ബോസിന് എതിരായാണ് പരാതി പ്രവാഹം. സര്‍ജന്‍ ഡോക്ടര്‍മാരും, നിരവധി നഴ്‌സുമാരും ഉള്‍പ്പെടെയുള്ള വനിതാ സഹജീവനക്കാരുടെ സ്വകാര്യ ഭാഗങ്ങളില്‍ കയറിപ്പിടിച്ചതായുള്ള പരാതിയില്‍ കോടതി വിചാരണ നേരിടുകയാണ് ഇയാള്‍ .
വാര്‍ഡില്‍ നില്‍ക്കുകയായിരുന്ന ഒരു സിസ്റ്ററുടെ മേല്‍വസ്ത്രം വലിച്ചുതാഴ്ത്തിയെന്നും ഡോ. അമല്‍ ബോസിന് എതിരെ ആരോപണം ഉണ്ട്. വനിതാ സഹജീവനക്കാര്‍ ആശുപത്രിയിലെ ചില ജോലികള്‍ ചെയ്യുമ്പോള്‍ അശ്ലീലം കലര്‍ന്ന രീതിയില്‍ ഇയാള്‍ സംസാരിക്കുകയും ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു.
കെട്ടിയിട്ട് ഉപയോഗിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഡോ. ബോസ് ഒരു നഴ്‌സിനോട് പറഞ്ഞു. ഇവരെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്‌തെന്ന് ആരോപണത്തില്‍ പറയുന്നു. എന്നാല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഇയാളുടെ പദവിയും, അധികാരവും മൂലം ലൈംഗികമായ പെരുമാറ്റങ്ങളെ വെല്ലുവിളിക്കാന്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് സാധിച്ചില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം.
ഈ പെരുമാറ്റം പതിവായതോടെ 'അത് അമലിന്റെ സ്ഥിരം' പരിപാടിയെന്ന തരത്തില്‍ പറഞ്ഞ് ഒഴിവാക്കുന്ന നിലയായി. എന്നാല്‍ 2023 മാര്‍ച്ച് 21ന് അറസ്റ്റിലായപ്പോള്‍ താന്‍ 'ഫ്‌ളര്‍ട്ട്' ചെയ്തത് മാത്രമാണെന്നാണ് ഡോ. ബോസ് പോലീസിനോട് പറഞ്ഞത്. വനിതാ സഹജീവനക്കാര്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ പേരില്‍ 14 കുറ്റങ്ങള്‍ ചുമത്തിയതോടെയാണ് ഇയാള്‍ ഇപ്പോള്‍ കോടതി കയറിയിറങ്ങുന്നത്.
2017 മുതല്‍ 2022 വരെ ആറ് സ്ത്രീകളെ അക്രമിച്ച കേസിലാണ് സര്‍ജന്‍ കുറ്റാരോപണം നേരിടുന്നത്. തങ്ങളുടെ സ്തനങ്ങളില്‍ കയറിപ്പിടിച്ചെന്നും, പിന്‍ഭാഗത്ത് മര്‍ദ്ദിക്കുകയും, സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാനും ശ്രമിച്ചെന്ന് ഉള്‍പ്പെടെ കേസുകളാണ് പ്രസ്റ്റണ്‍ ക്രൗണ്‍ കോടതി വിചാരണയില്‍ നേരിടുന്നത്. എന്നാല്‍ കുറ്റങ്ങളെല്ലാം ഇയാള്‍ നിഷേധിച്ചിട്ടുണ്ട്. ലങ്കാഷയര്‍ ബ്ലാക്ക്പൂള്‍ വിക്ടോറിയ ആശുപത്രിയിലാണ് അതിക്രമങ്ങള്‍ നടന്നത്.