എന്‍എച്ച്എസിലെ ഫിസിഷ്യന്‍ അസോസിയേറ്റുമാരുടെ പേരുമാറ്റാന്‍ വഴിയൊരുങ്ങുന്നു. പിഎമാര്‍ ഡോക്ടര്‍മാരാണെന്ന് രോഗികള്‍ തെറ്റിദ്ധരിക്കുന്നതായുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നടപടി. രോഗികളുടെ സുരക്ഷ ഉറപ്പാക്കാനാണു ശ്രമം.
യുകെയിലെ ആശുപത്രികളിലും, ജിപി സര്‍ജറികളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഫിസിഷ്യന്‍ അസോസിയേറ്റുമാര്‍ മെഡിക്കല്‍ പശ്ചാത്തലവും, രോഗികളെ പരിശോധിക്കുകയും, രോഗം തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇവര്‍ ഡോക്ടര്‍മാരുമല്ല.
ഇത് രോഗികള്‍ക്ക് അപകടമാകുന്നുണ്ടോയെന്ന് തിരിച്ചറിയാനാണ് ഗവണ്‍മെന്റ് റിവ്യൂവിന് ഉത്തരവിട്ടത്. പ്രൊഫ ഗിലിയന്‍ ലെംഗ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് ഒരു പേര് നല്‍കുന്നതാണ് നല്ലതെന്ന് നിര്‍ദ്ദേശിക്കുന്നു. ഇതുവഴി തങ്ങള്‍ കാണുന്നത് ഒരു ഡോക്ടറെയാണെന്ന് രോഗികള്‍ തെറ്റിദ്ധരിക്കുന്നത് ഒഴിവാക്കാമെന്ന് റിവ്യൂ ചൂണ്ടിക്കാണിച്ചു.
ഫിസിഷ്യന്‍ അസോസിയേറ്റ് എന്ന പേരാണ് പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതെന്ന് ഡോക്ടര്‍മാര്‍ ആശങ്കപ്പെട്ടിരുന്നു. ലെംഗിന്റെ റിപ്പോര്‍ട്ട് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് സ്വീകരിക്കുമെന്നാണ് കരുതുന്നത്. ഇതിന് ഫിസിഷ്യന്‍ അസിസ്റ്റന്റ്, അല്ലെങ്കില്‍ ഡോക്ടര്‍ അസിസ്റ്റന്റ് എന്നീ പേരുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്.
മുന്‍പ് നടന്ന പല രോഗികളുടെ മരണങ്ങളിലും ഫിസിഷ്യന്‍ അസോസിയേറ്റുമാരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. രോഗികളുടെ സ്ഥിതി തെറ്റായി നിരീക്ഷിക്കുന്നതാണ് പലപ്പോഴും പ്രശ്‌നമാകുന്നത്. ഇവര്‍ ഡോക്ടര്‍മാരാണെന്ന് കരുതി രോഗികള്‍ ഇവരെ വിശ്വസിക്കുകയും ചെയ്യുന്നുണ്ട്.