ലണ്ടന്‍: ഉയരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ പലിശ നിരക്കുകള്‍ കുറയില്ലെന്ന സൂചനകള്‍ക്കു പിന്നാലെ മൂന്നു പ്രധാന ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്ക് ഉയര്‍ത്തി. ഹാലിഫാക്‌സ്, സാറ്റന്‍ഡര്‍, അക്കോര്‍ഡ് എന്നിവരാണ് പലിശനിരക്ക് കൂട്ടിയത്. 0.13 ശതമാനം നിരക്കാണ് ഇവര്‍ കൂട്ടിയത്.
അതേസമയം ഉയര്‍ന്ന ഡിപ്പോസിറ്റ് ഉള്ളവരുടെ ഫിക്‌സഡ് റേറ്റ് കുറച്ച് നേഷന്‍വൈഡിന്റെ നീക്കവും ഉണ്ടായി. മൂന്നും അഞ്ചും വര്‍ഷത്തേക്കുള്ള ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളാണ് ഇന്നു മുതല്‍ കുറയ്ക്കുന്നത്. 0.12 ശതമാനത്തിന്റെ കുറവാണ് വരിക. 3.9 ശതമാനം നിരക്കിലാണ് നാഷന്‍ വൈഡിന്റെ പുതിയ പലിശനിരക്ക്. പുതിയ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നവര്‍ക്കും റീമോര്‍ട്ട്‌ഗേജിംഗിന് ശ്രമിക്കുന്നവര്‍ക്കും ആശ്വാസമായിരിക്കും ഇത്.
40 ശതമാനം ഡിപ്പോസിറ്റോടെ പ്രോപ്പര്‍ട്ടി വാങ്ങുന്ന ഒരാള്‍ക്ക് ടു ഇയര്‍ ഫിക്‌സഡ് റേറ്റില്‍ 3.9 ശതമാനം പലിശനിരക്ക് ലഭിക്കുന്നതാണ്. 1499 പൗണ്ടാണ് ഫീസായി നല്‍കേണ്ടി വരിക. രണ്ടു ലക്ഷം പൗണ്ടിന്റെ മോര്‍ട്ട്‌ഗേജ് 25 വര്‍ഷത്തിന്റെ കാലാവധിയ്ക്കാണെങ്കില്‍ 1052 പൗണ്ടാണ് മാസം നല്‍കേണ്ടി വരിക. ഫീസ് ലോണിനൊപ്പം ചേര്‍ക്കുകയും ചെയ്യും. കുറഞ്ഞ ഡിപ്പോസിറ്റ് നല്‍കിയാണ് പ്രോപ്പര്‍ട്ടി വാങ്ങുന്നതെങ്കില്‍ റേറ്റുകള്‍ ഉയര്‍ന്നതായിരിക്കും.
പണപ്പെരുപ്പം കൂടിയത് മോര്‍ട്ട് ഗേജ് വിപണിയെ ബാധിച്ചു. വാട്ടര്‍ ബില്ലുകള്‍, എനര്‍ജി ചെലവുകള്‍, കൗണ്‍സില്‍ ടാക്‌സ് എന്നിവയെല്ലാം നാടകീയമായ തോതിലാണ് ഏപ്രില്‍ മാസം വര്‍ദ്ധിച്ചത്. ഈ ഘട്ടത്തിലാണ് പണപ്പെരുപ്പം 3.5 ശതമാനമായി ഉയര്‍ന്നിരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നു.
എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനിലെ വര്‍ദ്ധനവും, നാഷണല്‍ മിനിമം വേജിലെ വര്‍ദ്ധനവും വിലക്കയറ്റം സൃഷ്ടിക്കാന്‍ കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളായിരുന്നു. എന്നാല്‍ ഇത് പരിഗണിച്ചും സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കിയതിലും ഏറെ തോതില്‍ പണപ്പെരുപ്പം ഉയര്‍ന്നു.
ഗ്യാസ്, വൈദ്യുതി, വെള്ളം, ഗതാഗംത എന്നിങ്ങനെ സകല ബില്ലുകളും ഉയര്‍ന്നത് കുടുംബങ്ങള്‍ക്ക് ഏപ്രില്‍ മാസം ദുരിത മാസമായി മാറിയിരുന്നു. കുടുംബങ്ങളുടെ ബില്ലുകളില്‍ സുപ്രധാന തോതില്‍ വര്‍ധന രേഖപ്പെടുത്തിയത് പണപ്പെരുപ്പം കുത്തനെ ഉയരാന്‍ ഇടയാക്കിയെന്ന് ഒഎന്‍എസ് പറയുന്നു.
മാര്‍ച്ച് മാസത്തില്‍ 2.6 ശതമാനത്തിലേക്ക് താഴ്ന്ന ശേഷം ഈ കുതിപ്പ് നടത്തിയത് അധികൃതരെ സ്തബ്ധരാക്കി. ഇതോടെ പലിശ നിരക്ക് വേഗത്തില്‍ കുറയ്ക്കണമെന്ന ആവശ്യങ്ങളെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അവഗണിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.