ഇംഗ്ലണ്ടില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്കൂള്‍ ഭക്ഷണം ലഭിക്കും; യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം
ഇംഗ്ലണ്ടില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്കൂള്‍ ഭക്ഷണം ലഭിക്കത്തക്കവിധം യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കുന്ന ഇംഗ്ലണ്ടിലെ ഏതൊരു കുട്ടിക്കും 2026 സെപ്റ്റംബര്‍ മുതല്‍ സൗജന്യ സ്കൂള്‍ ഭക്ഷണം അവകാശപ്പെടാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മാതാപിതാക്കളുടെ വരുമാനം പരിഗണിക്കാതെ ഈ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ സൗജന്യ ഭക്ഷണത്തിന് അര്‍ഹരായിരിക്കും. പുതിയ തീരുമാനത്തിലൂടെ 500,000 വിദ്യാര്‍ഥികള്‍ കൂടി ഈ പദ്ധതിയില്‍ ആനുകൂല്യത്തിന് യോഗ്യത നേടും എന്നാണ് പുറത്ത് വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പുതിയ തീരുമാനം ഒട്ടേറെ കുടുംബങ്ങളെ സഹായിക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. 2029 വരെ ഈ പദ്ധതി നടപ്പിലാക്കാന്‍ 1 ബില്യണ്‍ പൗണ്ട് ആണ് വിദ്യാഭ്യാസ വകുപ്പ് നീക്കി വെച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റികളില്‍ ക്രെഡിറ്റ് ഉള്ള മാതാപിതാക്കള്‍ അവരുടെ വരുമാനം പരിഗണിക്കാതെ ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹരായിരിക്കും എന്നതാണ് പുതിയ മാറ്റത്തിന്റെ പ്രത്യേകത. നിലവില്‍ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കുടുംബ വരുമാനം പ്രതിവര്‍ഷം 7400 പൗണ്ടില്‍ താഴെയായിരിക്കണം.
ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന മാതാപിതാക്കള്‍ക്ക് പ്രതിവര്‍ഷം 500 പൗണ്ട് ലഭിക്കാമെന്നാണ് ഏകദേശ കണക്കുകള്‍ കാണിക്കുന്നത്. രാജ്യമൊട്ടാകെ ഏകദേശം ഒരു ലക്ഷം കുട്ടികളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഈ പദ്ധതി സഹായിക്കും. ഇത് കൂടാതെ പാഴായി പോകാന്‍ സാധ്യതയുള്ള ഫാമുകളില്‍ നിന്നുള്ള ഭക്ഷണം പുനര്‍വിതരണം ചെയ്യുന്നതിനായി വിവിധ ചാരിറ്റികള്‍ 13 മില്യണ്‍ പൗണ്ട് ധനസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
നിയമ മാറ്റം കുട്ടികളുടെ ദാരിദ്ര്യം ഒരു പരിധിവരെ കുറയ്ക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്കല്‍ സ്റ്റഡീസ് തിങ്ക് ടാങ്ക് അഭിപ്രായപ്പെട്ടു . വിദ്യാഭ്യാസ മേഖലയും കുട്ടികളുടെ ദാരിദ്ര്യത്തിനെതിരെ പ്രചാരണം നടത്തുന്ന സംഘടനകളും പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ക്ലാസ് മുറിയില്‍ നിന്ന് വിശപ്പ് ഇല്ലാതാക്കുന്നതിനുള്ള ഒരു പ്രധാന നടപടിയാണിതെന്ന് സട്ടണ്‍ ട്രസ്റ്റ് ചാരിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് നിക്ക് ഹാരിസണ്‍ പറഞ്ഞു.