എന്‍എച്ച്എസ് ജിപി അപ്പോയിന്റ്‌മെന്റ് കിട്ടാക്കനിയായി തുടരുന്നത് എന്‍എച്ച്എസിനും, രോഗികള്‍ക്കും, നികുതിദായകര്‍ക്കും കനത്ത തിരിച്ചടിയാവുന്നു. എന്‍എച്ച്എസിന് 40 പൗണ്ട് ചെലവുള്ള ജിപി അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ വരുന്ന രോഗികള്‍ എ&ഇയില്‍ എത്തുമ്പോള്‍ ചെലവ് 400 പൗണ്ടായി ഉയരുകയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ചൂണ്ടിക്കാണിച്ചു.
എന്‍എച്ച്എസ് എ&ഇകളിലേക്ക് ഇവിടെ ചികിത്സ ആവശ്യമില്ലാത്ത നിരവധി രോഗികള്‍ എത്തിച്ചേരുന്നതായി ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കുന്നു. ഇത് രോഗികള്‍ക്കും, നികുതിദായകര്‍ക്കും ക്ഷീണമാണ്. 450 മില്ല്യണ്‍ ചെലവിട്ട് എ&ഇകളില്‍ ചികിത്സ ആവശ്യമില്ലാത്തവര്‍ക്കുള്ള പരിചരണം ഉറപ്പാക്കാനാണ് പദ്ധതി.
ഇതിന്റെ ഭാഗമായി അതേ ദിവസം ചികിത്സ കിട്ടുന്ന 40 എമര്‍ജന്‍സി കെയര്‍ യൂണിറ്റുകളും, അര്‍ജന്റ് ട്രീറ്റ്‌മെന്റ് സെന്ററുകളും സ്ഥാപിക്കാനും, എത്തിച്ചേരുന്ന ദിവസം തന്നെ രോഗികള്‍ക്ക് ചികിത്സ നല്‍കി വിട്ടയയ്ക്കാനും ലക്ഷ്യമിടുന്നു. ആശുപത്രി അടിസ്ഥാനമാക്കി 15 മെന്റല്‍ ഹെല്‍ത്ത് ക്രൈസിസ് അസസ്‌മെന്റ് സെന്ററുകള്‍ തയ്യാറാക്കി, ആളുകളുടെ മാനസികപ്രശ്‌നം തിരിച്ചറിഞ്ഞ് സൈക്യാട്രിക് വിഭാഗത്തിലേക്ക് വിടാന്‍ ശ്രദ്ധിക്കും.
500 പുതിയ ആംബുലന്‍സുകളും പദ്ധതിയുടെ ഭാഗമായി നിരത്തിലിറങ്ങും. ഇടനാഴി പരിചരണം പൂര്‍ണ്ണമായി നിര്‍ത്തുമെന്ന മുന്‍ വാഗ്ദാനം പുതിയ പദ്ധതിയില്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്. ഇംഗ്ലണ്ടിലെ എ&ഇകളില്‍ ഓരോ ദിവസവും ഏകദേശം 141,000 പേര്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.