മലയാളിയെ മാഞ്ചസ്റ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ പിറവം പാമ്പാക്കുട സ്വദേശിയായ പി. റ്റി. ദീപു (47) ആണ് മരിച്ചത്. മാഞ്ചസ്റ്ററിലെ സ്വകാര്യ റസ്റ്ററന്റില്‍ ഷെഫായി ജോലി ചെയ്തു വരികയായിരുന്നു. ചിക്കന്‍ പോക്സ് ബാധിച്ചതിനെ തുടര്‍ന്നുള്ള അവധിയിലായിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അവധിക്ക് ശേഷം വെള്ളിയാഴ്ച രാവിലെ ജോലിക്ക് എത്താതിനെ തുടര്‍ന്ന് റസ്റ്ററന്റ് ജീവനക്കാരന്‍ താമസ സ്ഥലത്ത് അന്വേഷിച്ചു എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.
ചിക്കന്‍ പോക്സ് ആയിരുന്നതിനാല്‍ ദീപുവിന് ഒപ്പം താമസിച്ചിരുന്ന മലയാളി യുവാവ് വീട്ടില്‍ നിന്നും താല്‍കാലികമായി താമസം മാറ്റിയിരുന്നു.
ഭാര്യ: നിഷ ദീപു. മക്കള്‍: കൃഷ്ണപ്രിയ, വിഷ്ണുദത്തന്‍, സേതുലക്ഷ്മി. പിറവം പാമ്പാക്കുട മേമ്മുറി പുലിക്കുന്നുമലയില്‍ പരേതരായ പി. എ. തങ്കപ്പന്‍, വി.എസ്. ശാരദ എന്നിവരാണ് മാതാപിതാക്കള്‍. പി. റ്റി. അനൂപ് ഏക സഹോദരനാണ്.
ആറു മാസം മുന്‍പ് അമ്മ മരിച്ചപ്പോഴാണ് ദീപു അവസാനമായി നാട്ടില്‍ എത്തിയ ശേഷം മടങ്ങി പോകുന്നത്. ദീപുവിന്റെ സ്വദേശം പാമ്പാക്കുടയാണെങ്കിലും ഭാര്യ വീട് സ്ഥിതി ചെയ്യുന്ന പുത്തന്‍കുരിശ് ചൂണ്ടിയിലാണ് ദീപു നാട്ടില്‍ താമസിച്ചിരുന്നത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 10.30 നാണ് നാട്ടില്‍ ദീപുവിന്റെ മരണത്തെ കുറിച്ച് അറിയുന്നത്. മരണവിവരം മാഞ്ചസ്റ്റര്‍ പൊലീസ് നാട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍മീഡിയകള്‍ വഴിയാണഅ ഇദ്ദേഹത്തിന്റെ മരണ വാര്‍ത്ത പുറംലോകമറിഞ്ഞത്.
ജോലി ചെയ്തിരുന്ന കെയര്‍ ഹോമില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ദീപുവെന്ന് പറയപ്പെടുന്നു. ലക്ഷങ്ങളുടെ കടബാധ്യത നിലനില്‍ക്കേ ജോലി കൂടി നഷ്ടമായതോടെ ആകെ വിഷമത്തിലായിരുന്നുവെന്നാണ് സൂചന. ദീപുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ മലയാളി സംഘടനകളും പൊതു പ്രവര്‍ത്തകരും സഹായം തേടിയിട്ടുണ്ട്.