ആശുപത്രി ചികിത്സകള്‍ വേഗത്തിലാക്കാന്‍ നടപടിയുമായി എന്‍എച്ച്എസ് ഇംഗ്ലണ്ട്. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ റോബോട്ടിക് സര്‍ജറിയാണ് നടത്തുക. ഇതോടെ ലക്ഷക്കണക്കിന് പേര്‍ക്ക് റോബോട്ട് അസിസ്റ്റ് ചെയ്യുന്ന സര്‍ജറി ലഭ്യമാക്കും. അടുത്ത ഒരു ദശകത്തിനിടെ ലക്ഷക്കണക്കിന് പേര്‍ക്ക് കൂടി റോബോട്ടിക് സര്‍ജറി ലഭ്യമാക്കാനാണു പദ്ധതി.
കാന്‍സര്‍, ഹിസ്റ്റെറെക്ടമി, സന്ധി മാറ്റിവെയ്ക്കല്‍ എന്നിങ്ങനെ വിവിധ അവസ്ഥകളില്‍ പെട്ടവര്‍ക്ക് ചികിത്സ ലഭിക്കുമ്പോള്‍ റോബോട്ട് സേവനം ഉപയോഗപ്പെടുത്തുന്നത് ഡോക്ടര്‍മാര്‍ കാര്യമായി വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് നീക്കം. മെഡിക്കല്‍ എമര്‍ജന്‍സികള്‍ക്ക് പുറമെയാണ് ഇത്.
നിലവില്‍ 70,000 പേര്‍ റോബോട്ട് അസിസ്റ്റഡ് സര്‍ജറിക്ക് വിധേയമാകുന്നുണ്ടെങ്കില്‍ ഇത് 2025 ആകുന്നതോടെ 500,000 ആയി ഉയര്‍ത്താനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി പ്രഖ്യാപനം നടത്തുന്നത്. '2029-ഓടെ ഹൃസ്വമായ ഇലക്ടീവ് വെയ്റ്റിംഗ് സമയത്തിലേക്ക് തിരിച്ചെത്താനാണ് എന്‍എച്ച്എസ് വാഗ്ദാനം. രോഗികള്‍ക്ക് ലഭ്യമായ മികച്ച ചികിത്സ ഉറപ്പാക്കാന്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കും', എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജിം മാക്കി പറഞ്ഞു.
റോബോട്ടിക് സര്‍ജറി പ്രൊസീജ്യറുകളുടെ വേഗത മാത്രമല്ല, രോഗികള്‍ക്ക് മെച്ചപ്പെട്ട ഫലവും നല്‍കും, വേഗത്തില്‍ രോഗമുക്തി നേടാനും, ആശുപത്രി വാസം കുറയ്ക്കാനും കഴിയും, അദ്ദേഹം ചൂണ്ടിക്കാണിച്ചു.
2035 ആകുന്നതോടെ പത്തില്‍ ഒന്‍പത് കീഹോള്‍സര്‍ജറികളും റോബോട്ടിനെ ഉള്‍പ്പെടുത്തിയാകും പൂര്‍ത്തിയാക്കുക. നിലവില്‍ അഞ്ചിലൊന്ന് കേസുകളില്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്, മാക്കി വ്യക്തമാക്കി.