ലണ്ടന്‍: ബ്രിട്ടീഷുകാരെ നഴ്‌സുമാരാക്കി എന്‍എച്ച്എസിനെ പരമാവധി സ്വദേശിവത്കരിക്കാനുള്ള നീക്കത്തിന് വന്‍തിരിച്ചടി. ഇന്ത്യാക്കാരും ഫിലിപ്പൈനികളും അടങ്ങുന്ന വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായിട്ടായിരുന്നു കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. അതോടൊപ്പം, ആരോഗ്യ രംഗത്തേക്ക് ആവശ്യമായ ഒരു തൊഴില്‍ സേനയെ പ്രാദേശികമായി വളര്‍ത്തിയെടുക്കാനും സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.
ഈ ശ്രമമാണ് തുടക്കത്തിലേ പാളിയിരിക്കുന്നത്. യൂണിവേഴ്സിറ്റീസ് ആന്‍ഡ് കോളേജ് അഡ്മിഷന്‍ സര്‍വ്വീസസിന്റെ (യു സി എ എസ്) കണക്കുകള്‍ പ്രകാരം 2021 നും 2024 നും ഇടയില്‍ അണ്ടര്‍ ഗ്രാഡ്വേറ്റ് നഴ്സിംഗ് കോഴ്സുകള്‍ക്ക് എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 22 ശതമാനത്തിന്റെ കുറവുണ്ടായി എന്നാണ് അവര്‍ പറയുന്നത്. 2021 മുതല്‍ ഇംഗ്ലണ്ടിലെ എല്ലാ നഴ്സിംഗ് കോഴ്സുകള്‍ക്കുമുള്ള അപേക്ഷകരുടെ എണ്ണത്തില്‍ 35 ശതമാനത്തിന്റെ കുറവുണ്ടായതായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗും (ആര്‍ സി എന്‍) ചൂണ്ടിക്കാട്ടുന്നു.
കോവിഡ് കാലത്ത് നഴ്സിംഗിനുള്ള ആവശ്യകത കുതിച്ചുയര്‍ന്നെങ്കിലും, 2021 ല്‍ 59,680 വിദ്യാര്‍ത്ഥികള്‍മാത്രമാണ് അണ്ടര്‍ ഗ്രാഡ്വേറ്റ് നഴ്സിംഗ് കോഴ്സുകള്‍ക്ക് യു കെയില്‍ രജിസ്റ്റര്‍ ചെയ്തത്. 2031/32 ആകുമ്പോഴേക്കും നഴ്സിംഗ് ട്രെയിനികളുടെ എണ്ണം ഇരട്ടിയാക്കുവാനുള്ള എന്‍ എച്ച് എസിന്റെ ദീര്‍ഘകാല പദ്ധതി നടപ്പിലാക്കിയതിനു ശേഷവും ഇതാണ് സാഹചര്യം. കോവിഡ് കാലത്താണ് നഴ്സിംഗ് മേഖല എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത് എന്ന് ആര്‍ സി എന്‍ ഡയറക്ടര്‍ ലിസ എലിയട്ട് പറയുന്നു.
അതുകൊണ്ടു തന്നെ അക്കാലത്ത് നഴ്സിംഗ് കോഴ്സുകള്‍ക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. എന്നാല്‍, അത് തുടര്‍ന്നു കൊണ്ടു പോകാനായില്ല. 2020 - 2023 കാലഘട്ടത്തില്‍ നഴ്സിംഗ് കോഴ്സുകള്‍ക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ ഏറ്റവും കുറച്ച് മാത്രം കുറവുണ്ടായിരിക്കുന്നത് ലണ്ടനിലാണ്, 11.7 ശതമാനത്തിന്റെ കുറവ്. ഏറ്റവും കൂടുതല്‍ കുറവുണ്ടായിരിക്കുന്നത് വടക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലാണ്, 40 ശതമാനം. കോഴ്സിന് ചേര്‍ന്നവരില്‍ തന്നെ 21 ശതമാനത്തോളം പേര്‍ കോഴ്സ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ പിരിഞ്ഞു പോകുമെന്നും ആര്‍ സി എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.