ആരോഗ്യ സേവനത്തിന്റെ ദൈനംദിന നടത്തിപ്പിനായി പ്രതിവര്‍ഷം 29 ബില്യണ്‍ പൗണ്ട് അധികമായി വകയിരുത്തുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. എന്‍എച്ച്എസിലെ ചിലവ് പണപ്പെരുപ്പത്തിന് ആനുപാതികമായി മൂന്ന് ശതമാനം വര്‍ധിക്കുമെന്ന് അവര്‍ പറഞ്ഞു. നിലവില്‍ ആരോഗ്യ സംവിധാനത്തിനായി മികച്ച രീതിയില്‍ തുക വകയിരുത്താന്‍ സാധിച്ചു എന്നാണ് ഭരണപക്ഷം അഭിപ്രായപ്പെട്ടത്.
എന്നാല്‍ ജീവനക്കാരുടെ ക്ഷാമം ആധുനികവത്കരണം എന്നീ കടമ്പകള്‍ കടക്കാന്‍ അനുവദിച്ച തുക മതിയാകുമോ എന്ന കാര്യത്തില്‍ ഈ രംഗത്തെ വിദഗ്ധരുടെ ഇടയില്‍ ഭിന്നാഭിപ്രായമുണ്ട്. ഈ വിഷയത്തില്‍ അടുത്ത ദിവസങ്ങളില്‍ പ്രതിപക്ഷത്തു നിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നു വരും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
അടുത്ത പൊതു തിരഞ്ഞെടുപ്പ് വരെയുള്ള ലേബര്‍ സര്‍ക്കാരിന്റെ ബജറ്റിനെ കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍ ആണ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് നടത്തിയത് . എന്‍എച്ച്എസ്, സ്കൂള്‍, പോലീസ്, മറ്റ് പൊതു സേവനങ്ങള്‍ എന്നിവയ്ക്കുള്ള നീക്കിയിരുപ്പാണ് പ്രഖ്യാപനത്തില്‍ പ്രധാനമായും ഉണ്ടായിരുന്നത് . ഊര്‍ജ്ജം, ഗതാഗത പദ്ധതികള്‍ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 113 ബില്യണ്‍ പൗണ്ട് അധികമായി ചെലവഴിച്ചുകൊണ്ട് ബ്രിട്ടന്റെ നവീകരണത്തിനായുള്ള പദ്ധതികള്‍ക്ക് ചാന്‍സലര്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.
ചിലവ് കുറഞ്ഞ ഭവന നിര്‍മാണത്തിനായി 39 ബില്യണ്‍ പൗണ്ട് നീക്കിവെച്ചതാണ് എടുത്തുപറയുന്ന മറ്റൊരു കാര്യം. പ്രതിരോധ ചിലവുകള്‍ക്കും കൂടുതല്‍ പണം വകയിരുത്തുന്നുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ ചിലവ് ചുരുക്കുമെന്നും ചാന്‍സലര്‍ പറഞ്ഞു. ആഭ്യന്തരവകുപ്പില്‍ 1.7 ശതമാനം ആണ് ചെലവ് ചുരുക്കല്‍ നടപ്പില്‍ വരുത്തുക. ഫോറിന്‍ ഓഫീസിന് അനുവദിച്ചിട്ടുള്ള ഫണ്ടില്‍ 6.9 ശതമാനം വെട്ടിക്കുറവ് വരുത്തും.
എന്നാല്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശരിപ്പെടുത്തിയെന്ന വാദം ഉന്നയിക്കുന്ന ചാന്‍സലര്‍ക്ക് തിരിച്ചടിയായി കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന് ശേഷം രണ്ടരലക്ഷത്തോളം തൊഴിലുകള്‍ നഷ്ടമായെന്ന് ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സില്‍ 25 ബില്ല്യണ്‍ പൗണ്ടിന്റെ ജോബ് ടാക്‌സ് ഈടാക്കിയ നടപടി തിരിച്ചടിക്കുമെന്ന അടിസ്ഥാന പാഠം മറന്നതാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. എന്നിരുന്നാലും ചെലവഴിക്കല്‍ പദ്ധതികള്‍ ആരംഭിക്കുന്നതോടെ തൊഴിലാളി വര്‍ഗ്ഗം മെച്ചപ്പെട്ട അവസ്ഥയിലേക്ക് നീങ്ങുമെന്നാണ് ചാന്‍സലറുടെ വാദം.