താപനില ഉയര്‍ന്നതിനു പിന്നാലെ ഇടിയുംമിന്നലും പേമാരിയും ശക്തമായ കാറ്റും നിറഞ്ഞ ദിവസങ്ങള്‍ വരുന്നു. ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെയും ചില ഭാഗങ്ങളില്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ മൂന്ന് മഞ്ഞ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. മാത്രമല്ല, വെള്ളിയാഴ്ചയോടെ താപനില വീണ്ടും കൂടാനിരിക്കെ, യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സി ഈ വര്‍ഷത്തെ ആദ്യ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ മൂന്ന് മേഖലകളെയാണ് ഇത് ബാധിക്കുക.
രാവിലെ ഒന്‍പതു മണിമുതല്‍ ഞായറാഴ്ച രാവിലെ എട്ടു മണിവരെയായിരിക്കും, കിഴക്കന്‍ ഇംഗ്ലണ്ട്, കിഴക്കന്‍ മിഡ്‌ലാന്‍ഡ്‌സ്, ലണ്ടന്‍, തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ യു കെ എച്ച് എസ് എയുടെ മഞ്ഞ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടാവുക. മഞ്ഞ മുന്നറിയിപ്പ് അര്‍ത്ഥമാക്കുന്നത്, അവശരും രോഗികളുമായവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം കൂടുതലായി ഉപയോഗിക്കും എന്നാണ്.
ചൂടുള്ള കാലാവസ്ഥ വരുന്നതോടെ തന്നെ പേമാരിയും എത്തുമെന്ന മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കുന്നത്. ഉച്ചക്ക് ഒരു മണിവരെ മണിക്കൂറില്‍ 50 മൈല്‍ വേഗതയിലുള്ള കാറ്റും ആഞ്ഞടിക്കും. മൂന്ന് മണിക്കൂര്‍ സമയത്തിനുള്ളില്‍ 40 മി മീ മഴ പെയ്തിറങ്ങുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. രണ്ടാമത്തെ മഴ മുന്നറിയിപ്പ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനുള്ളതാണ്, രാത്രി ഒന്‍പതു മണിവരെയാണ് ഈ മുന്നറിയിപ്പ് പ്രാബല്യത്തില്‍ ഉണ്ടാവുക. മണിക്കൂറില്‍ 45 മൈല്‍ വേഗതയിലുള്ള കാറ്റും മൂന്ന് മണിക്കൂറില്‍ 40 മി. മീ വരെ മഴയുമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
മൂന്നാമത്തെ മുന്നറിയിപ്പ് ലണ്ടന്‍ ഉള്‍പ്പടെ തെക്ക് കിഴക്കന്‍ മേഖലയ്ക്കുള്ളതാണ് 50 മി. മീ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. പേമാരി കനത്താല്‍ പലയിടങ്ങളിലും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച പടിഞ്ഞാറന്‍ മേഖലയിലും മഴയ്ക്കുള്ള സാധ്യതയുണ്ട്. അവിടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടുതലായി വലിച്ചെടുക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.