വടക്കന്‍ അയര്‍ലന്‍ഡിലെ കലാപം: ബ്രിട്ടീഷ് പതാകകളും സ്റ്റിക്കറുകളുമിട്ട് രാജ്യത്തോട് കൂറുള്ളവരെന്ന് കാണിച്ച് കുടിയേറ്റക്കാര്‍
വടക്കന്‍ അയര്‍ലന്‍ഡില്‍ പ്രതിഷേധം കലാപമായി മാറിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിന് രണ്ട് റൊമാനിയന്‍ കൗമാരക്കാര്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് വടക്കന്‍ അയര്‍ലന്‍ഡിലെ ബാലിമിന പട്ടണത്തില്‍ കലാപം തുടര്‍ന്നത്. ആദ്യം പ്രതിഷേധം പിന്നീട് കലാപമായി മാറുകയായിരുന്നു.
ക്ലോണാവന്‍ റോഡിലൂടെ കലാപകാരികള്‍ പോകുമ്പോള്‍ ഇരുവശത്തുമുള്ള വീടുകളില്‍ ബ്രിട്ടീഷ് പതാകകളും സ്റ്റിക്കറുകളും കാണാം. വിദേശികളാണെങ്കിലും തങ്ങള്‍ രാജ്യത്തോട് കൂറുള്ളവരാണെന്ന് പറയാനാണ് ഈ ശ്രമം.
മലയാളികള്‍ ഉള്‍പ്പെടെ ഇവിടെ വിദേശികള്‍ കടുത്ത ഭീതിയിലാണ്. കലാപകാരികളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പലരും പതാകകള്‍ ഉയര്‍ത്തിയും സ്റ്റിക്കറുകള്‍ പതിച്ചും തങ്ങളുടെ രാജ്യത്തോടുള്ള കൂറ് വ്യക്തമാക്കുകയാണ്.
തിങ്കളാഴ്ചയും ചൊവാഴ്ചയുമായി നടന്ന ആക്രമണങ്ങളില്‍ മുഖം മൂടിയണിഞ്ഞെത്തിയ സംഘങ്ങള്‍ നിരവധി വിദേശികളുടെ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തീയിടുകയും തകര്‍ക്കുകയും ചെയ്തിരുന്നു. മുപ്പത്തിരണ്ടോളം പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റത്. എല്ലാവരും സംയമനം പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
ഓണ്‍ലൈനില്‍ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളാണ് അക്രമത്തിന് വഴിമാറുന്നതെന്നാണ് വിവരം. റൊമാനിയന്‍ കുടിയേറ്റക്കാരെ വേട്ടയാടാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനമുണ്ട്. ഇതോടെ അക്രമസംഭവങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ള കൗണ്ടി ആന്‍ട്രിമില്‍ കുടുംബങ്ങളും, ബിസിനസ്സുകളും തങ്ങളുടെ രാജ്യം വെളിപ്പെടുത്തുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ച് അക്രമങ്ങളില്‍ നിന്നും രക്ഷനേടാന്‍ നിര്‍ബന്ധിതരാകുകയാണ്.
ഒരു കൗമാരക്കാരിയായ പെണ്‍കുട്ടിയെ രണ്ട് 14 വയസ്സുകാര്‍ ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചതും, ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ റൊമാനിയന്‍ പരിഭാഷകരെ ഉപയോഗിച്ചെന്ന വാര്‍ത്തയുമാണ് വ്യാപക അക്രമങ്ങളിലേക്ക് നയിച്ചത്.