അടിയും തിരിച്ചടിയുമായി ഇറാനും ഇസ്രയേലും; നാശനഷ്ടവും മരണ സംഖ്യയും ഉയരുന്നു
ടെല്‍അവീവ്/ ടെഹ്‌റാന്‍: പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി ഇസ്രയേല്‍-ഇറാന്‍ യുദ്ധം കനക്കുന്നു. ഞായറാഴ്ച മധ്യ, വടക്കന്‍ ഇസ്രയേലിലെ വിവിധയിടങ്ങളില്‍ ഇറാന്‍ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 200-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേലിലെ ബാത്ത് യാമില്‍ 61 കെട്ടിടങ്ങള്‍ തകര്‍ന്നു. 35 പേരെ കാണാതായി. 13 മരണങ്ങള്‍ ഇസ്രയേല്‍ സ്ഥിരീകരിച്ചു.
ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാന്‍ റവലൂഷനറി ഗാര്‍ഡ് കോര്‍ ഇന്റലിജന്‍സ് മേധാവി മുഹമ്മദ് കസേമിയും രണ്ട് ഉപമേധാവികളും കൊല്ലപ്പെട്ടു. ഷഹ്റാനിലെ എണ്ണ സംഭരണശാല കത്തി. ഇറാന്റെ പ്രതിരോധമന്ത്രാലയ ആസ്ഥാനം ലക്ഷ്യമിട്ടെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേലില്‍ നഗരമായ ഹൈഫയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തിനു പിന്നാലെ ഹൈഫ നഗരത്തില്‍ വലിയ തീപിടുത്തം ഉണ്ടായി. ജറുസലേമില്‍ സൈറണുകള്‍ മുഴങ്ങുകയാണ്.
ഒരേസമയം സൈനിക കേന്ദ്രങ്ങളിലും ആണവ കേന്ദ്രങ്ങളിലും ആക്രമണം നടത്തി ഇസ്രയേല്‍ മുന്നേറുമ്പോള്‍ ഇസ്രയേലിന്റെ അയണ്‍ ഡോം പ്രതിരോധ സംവിധാനത്തെ മറികടന്ന് ടെല്‍ അവീവില്‍ ഇറാനും മിസൈലുകള്‍ വര്‍ഷിക്കുകയാണ്.
സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യര്‍ വിദ്യാര്‍ഥികളെ രാജ്യത്തിനുള്ളിലെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 'ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കുകയും ചെയ്യുന്നുണ്ട്. എംബസിയുടെ സൗകര്യത്തോടെ വിദ്യാര്‍ഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. മറ്റ് സാധ്യമായ മാര്‍ഗങ്ങള്‍ പരിഗണനയിലാണ്', തിങ്കളാഴ്ച പുലര്‍ച്ചെ പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കി.
1,500 ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരില്‍ ഭൂരിഭാഗവും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. ഇവരുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി സംസാരിച്ചിരുന്നു.
ആകാശ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ സന്ദര്‍ശനം ഒഴിവാക്കണമെന്നു യുകെ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.