എന്‍എച്ച്എസ് ആശുപത്രികളില്‍ ചികിത്സയ്ക്ക് വിധേയരാകുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലുകളില്‍ ചിത്രീകരിച്ച് ടിക് ടോക്കിലും, ഇന്‍സ്റ്റാഗ്രാമിലും അപ്ലോഡ് ചെയ്ത് രസിക്കുന്ന രോഗികളുടെ പ്രവൃത്തിയില്‍ കടുത്ത ആശങ്കയുമായി നഴ്സുമാരടക്കമുള്ള എന്‍എച്ച്എസ് ജീവനക്കാര്‍. ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികള്‍ വീഡിയോകള്‍ സ്വയം ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകയാണ്. ഇത് ജീവനക്കാരുടെയും മറ്റു രോഗികളുടയും സ്വകാര്യതയെ ഹനിക്കുന്ന വിധം പെരുകുകയാണ്.
എക്‌സ്-റേയും, സ്‌കാനും ചെയ്യുന്ന റേഡിയോഗ്രാഫര്‍മാരാണ് ഈ ട്രെന്‍ഡ് മറ്റ് രോഗികളുടെ സ്വകാര്യതയെ ഹനിക്കുമെന്ന് ആശങ്ക ഉയര്‍ത്തിയിരിക്കുന്നത്. മറ്റ് രോഗികളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാതെ ഓണ്‍ലൈനില്‍ എത്തുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് ഇവര്‍ ആശങ്കപ്പെടുന്നു.
രോഗികളും, അവരുടെ കൂടെയുള്ളവരും ചികിത്സകള്‍ ചിത്രീകരിക്കാന്‍ തുടങ്ങുന്ന സംഭവങ്ങളില്‍ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സാണ് ആദ്യമായി അസ്വസ്ഥത പരസ്യമാക്കിയിട്ടുള്ളത്. ഒരു ക്യാന്‍സര്‍ രോഗിക്ക് ക്യാനുല ഇടുമ്പോള്‍ 19-കാരിയായ മകള്‍ ചോദിക്കുക പോലും ചെയ്യാതെ ഇത് ചിത്രീകരിക്കാന്‍ തുടങ്ങിയെന്ന് റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പറയുന്നു. സോഷ്യല്‍ മീഡിയ ഇത് കണ്ടുരസിക്കുമെന്നായിരുന്നു മകളുടെ ധാരണ.
ആന്തരികമായ പരിശോധനകളുടെ വീഡിയോ പോലും ആളുകള്‍ മടിയില്ലാതെ ചിത്രീകരിക്കുന്ന അവസ്ഥയാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. എന്‍എച്ച്എസ് ജീവനക്കാരുടെ പേരും, മറ്റും ഇതിലൂടെ പുറത്തുവരുന്നതായും ഇവര്‍ വ്യക്തമാക്കുന്നു.
ചികിത്സയില്‍ ഏര്‍പ്പെടുന്നത് സ്വയം ചിത്രീകരിച്ച് ടിക് ടോക്കിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കും അപ്‌ലോഡ് ചെയ്യുന്ന രോഗികള്‍ സ്വകാര്യതയുടെ ലംഘനം നടത്തുന്നു എന്നതിലുപരി ഇത് കൃത്യമായി ചെയ്യേണ്ട തങ്ങളുടെ ജോലി തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തിയാണെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്.
രോഗികളും അവരുടെ കൂട്ടത്തിലുള്ളവരും അവരുടെയോ മറ്റുള്ളവരുടെയോ രോഗി പരിചരണം ചിത്രീകരിക്കുന്നത് വര്‍ദ്ധിച്ചു വരുകയാണ്. പലരും ഇത്തരം ചിത്രീകരിക്കുന്ന സമയത്ത് അനുമതി ചോദിക്കുക എന്ന സാമാന്യ മര്യാദ പോലും കാണിക്കാറില്ല. എന്‍എച്ച്എസ് ജീവനക്കാര്‍ എന്ന നിലയില്‍ തങ്ങള്‍ നെയിം ബാഡ്ജുകള്‍ ധരിക്കുന്നുണ്ടെന്നും അതിനാല്‍ ഏത് വീഡിയോയിലും തങ്ങളുടെ പേരുകള്‍ ദൃശ്യമാകും . ഇത് ആളുകള്‍ക്ക് വളരെയധികം അസ്വസ്ഥതയും ഉത്കണ്ഠയും ഉളവാക്കുന്നു എന്ന് ലണ്ടനിലെ തെറാപ്പിറ്റിക് റേഡിയോഗ്രാഫറായ ആഷ്‌ലി ഡി അക്വിനോ പറഞ്ഞു .
ചിത്രീകരണത്തെയും റെക്കോര്‍ഡിംഗിനെയും കുറിച്ചുള്ള നിയമങ്ങള്‍ രോഗികളുടെയും ജീവനക്കാരുടെയും സ്വകാര്യതയും അന്തസ്സും സംരക്ഷിക്കുന്നതിനാണെന്നും , അതനുസരിച്ച് അവ പാലിക്കണം എന്നുമാണ് ഈ വിഷയത്തില്‍ റോയല്‍ കോളേജ് ഓഫ് റേഡിയോളജിസ്റ്റുകളുടെ പ്രസിഡന്റ് ഡോ. കാതറിന്‍ ഹാലിഡേ പറഞ്ഞത്. ഏറ്റവും ദുര്‍ബലരായ രോഗികളെ പരിചരിക്കുന്ന സമയത്ത് ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് അനുമതി തേടണമെന്നാണ് ഈ വിഷയത്തില്‍ പൊതുവെ ഉയര്‍ന്നു വന്നിരിക്കുന്ന അഭിപ്രായം.