ലണ്ടന്‍: ചെലവ് ചുരുക്കലിന്റെ ഭാഗമായി കൂടുതല്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ജീവനക്കാരെ പിരിച്ചു വിടുന്നു. എന്‍ എച്ച് എസ് ഹെറിഫോര്‍ഡ്ഷയര്‍ ആന്‍ഡ് വുസ്റ്റര്‍ഷയര്‍ ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡി (ഐസിബി) ആണ് ഈ നടപടിയിലേക്ക് കടക്കുന്നത്. 2.2 ബില്യണ്‍ പൗണ്ട് ബജറ്റുള്ള ഈ ട്രസ്റ്റ്, രണ്ട് കൗണ്ടികളിലാണ് ആരോഗ്യ സേവനം ഉറപ്പു വരുത്തുന്നത്. ഭരണ നിര്‍വ്വഹണ വിഭാഗങ്ങളിലെ ജീവനക്കാരെയാകും പിരിച്ചു വിടുക. ഇരുന്നൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന നിലയാണ്.
ഇതുവഴി 23 മില്യണ്‍ പൗണ്ട് ലാഭിക്കാനാകുമെന്നും അത് മുന്‍ നിര ആരോഗ്യ ശുശ്രൂഷാ രംഗത്ത് നിക്ഷേപിക്കാനാകുമെന്നും ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് സൈമണ്‍ ട്രിക്കെറ്റ് അറിയിച്ചു. മാത്രമല്ല, ഐസിബി തൊട്ടടുത്തുള്ള വാര്‍വിക്ക്ഷയര്‍ ഐസിബിയുമായി ലയിക്കുകയും ചെയ്യും. പ്രവര്‍ത്തന ചെലവ് പകുതിയായി കുറയ്ക്കണമെന്നാണ് ഐസിബികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കിയത് ഉള്‍പ്പടെയുള്ള, ആരോഗ്യ സംരക്ഷണ മേഖലയിലെ വിപുലമായ പരിഷ്‌കരണങ്ങളുടെ ഭാഗമാണിത്.
രണ്ട് വര്‍ഷം കൊണ്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ഭാഗമായി ഒട്ടു മിക്ക ഐസിബികളും തൊട്ടടുത്ത പ്രദേശങ്ങളിലെ ഐസിബികളുമായി ലയിച്ചായിരിക്കും പ്രവര്‍ത്തന ചെലവ് കുറയ്ക്കുക. ഇവിടെ കവന്‍ട്രി ആന്ദ് വാര്‍വിക്ക്ഷയര്‍ ഐ സി ബിയുമായിട്ടായിരിക്കും ലയനം നടക്കുക. എന്നാല്‍, അത് ഉടനെ ഉണ്ടാകില്ല. ലയനമായിരിക്കില്ല നടക്കുക എന്നും മറിച്ച് മാനേജ്‌മെന്റും ഉയര്‍ന്ന തസ്തികയിലുള്ളവരും ഒരു ടീം ആയി രണ്ട് ഐ സി ബികള്‍ നിയന്ത്രിക്കുകയാവും ചെയ്യുക എന്നും ട്രസ്റ്റ് വക്താവ് അറിയിച്ചു.
എന്‍എച്ച്എസ് പിരിച്ചുവിടല്‍ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍, സ്വകാര്യ ആശുപത്രിയും അതേ പാത പിന്തുടരുന്നു. ചാഥാമിന് സമീപം, വാള്‍ഡെര്‍ഷ്‌ലേഡില്‍ സ്പൈര്‍ അലക്സാന്‍ഡ്ര ആശുപത്രിയുടെ നടത്തിപ്പുകാരായ സ്പൈര്‍ ഹെല്‍ത്ത്‌കെയര്‍ ആണ് ഇപ്പോള്‍ എന്‍എച്ച്എസിന്റെ പാത പിന്തുടരുന്നത്. ഭരണനിര്‍വ്വഹണ വിഭാഗം കൂടുതല്‍ കേന്ദ്രീകൃതമാക്കുകയും, ബാങ്ക് ജീവനക്കാരില്‍ കൂടുതലായി ആശ്രയിക്കുകയും ചെയ്യുന്നതിനാല്‍, ക്ലിനിക്കല്‍, നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് പിരിച്ചുവിറ്റല്‍ നടപടി നേരിടേണ്ടി വരും.
ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി 400 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കെന്റ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 39 ആശുപത്രികളുടെ നടത്തിപ്പുകാരായാ സ്പൈറിലെ മൊത്തം ജീവനക്കാരുടെ 2.5 ശതമാനം വരും ഇത്. ഇതുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചെങ്കിലും, കൃത്യം എത്ര തൊഴില്‍ നഷ്ടം ഇപ്പോള്‍ ഉണ്ടാകുമെന്നത് പറയാറായിട്ടില്ല എന്നും സ്പൈറിന്റെ വക്താവ് പറഞ്ഞു.
കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമമവുമായ സേവനം ഉറപ്പാക്കുന്നതിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഭാഗമാണിതെന്ന് ചീഫ് എക്സിക്യൂട്ടീവ് ജസ്റ്റിന്‍ ആഷ് പറയുന്നു. പുതിയ സേവനങ്ങള്‍ നല്‍കുന്നതിനോടൊപ്പം, ഭാവിയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ കൂടുതല്‍ സാമ്പത്തിക കരുത്താര്‍ജ്ജിക്കുക എന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.