ബ്രിട്ടന് ഒരു ഉഷ്ണ തരംഗത്തിലേക്ക് അടുക്കുന്നു. ഈ വര്‍ഷത്തെ ആദ്യ ഉഷ്ണ തരംഗം ഈ വാരം ഉണ്ടാകും എന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും താപനില 33 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇന്നലെ ബുധനാഴ്ച, ലണ്ടനിലെ സെയിന്റ് ജെയിംസ് പാര്‍ക്കിലായിരുന്നു ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്, 29.3 ഡിഗ്രി സെല്‍ഷ്യസ്.
ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ രണ്ടാമത്തെ താപനിലയാണിത്. ജൂണ്‍ 13ന് സഫോക്കില്‍ രേഖപ്പെടുത്തിയ 29.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ വര്‍ഷം ഇതുവരെ അനുഭവപ്പെട്ടതില്‍ വെച്ച് ഏറ്റവും കൂടിയ താപനില. വരുന്ന ഞായറാഴ്ച വരെ ഇംഗ്ലണ്ടിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും യെല്ലോ ഹീറ്റ്, ഹെല്‍ത്ത് അലര്‍ട്ടുകള്‍ നിലവിലുണ്ട്. അതായത്, പ്രായമേറിയവര്‍ക്കും, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ചൂട് ഭീഷണി ഉയര്‍ത്തിയേക്കാം എന്നര്‍ത്ഥം.
ഇന്ന് അന്തരീക്ഷ താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കാം. തെക്കന്‍ ഇംഗ്ലണ്ട്, കിഴക്കന്‍ ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ്, തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലായിരിക്കും ഏറ്റവും ഉയര്‍ന്ന താപനില അനുഭവപ്പെടുക. വെള്ളിയാഴ്ചയോടെ വടക്കന്‍ ഇംഗ്ലണ്ടിലും പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും ചൂട് വര്‍ദ്ധിക്കും. അവീമൊര്‍, സ്ട്രാബെയ്ന്‍, അബെറിസ്റ്റ്വിത് എന്നിവിടങ്ങളില്‍ താപനില 28 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ ആകാന്‍ ഇടയുണ്ട്. കിഴക്കന്‍ വെയ്ല്‍സിലും, കിഴക്കന്‍ സ്‌കോട്ട്‌ലാന്‍ഡിലും ഇംഗ്ലണ്ടിലെ മിക്ക ഭാഗങ്ങളിലും ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുക ശനിയാഴ്ചയായിരിക്കും. 28 ഡിഗ്രി മുതല്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും അനുഭവപ്പെടുക.
തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെയും കിഴക്കന്‍ ആംഗ്ലിയയിലെയും ചില ഭാഗങ്ങളില്‍ താപനില 33 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കും. ശനിയാഴ്ച രാത്രിയായിരിക്കും ഈ വര്‍ഷത്തെ 'ട്രോപ്പിക്കല്‍ നൈറ്റ്'. തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലായിരിക്കും ഇത് അനുഭവപ്പെടാന്‍ കൂടുതല്‍ സാധ്യത.