ക്ഷേമ പദ്ധതികളില്‍ ലേബര്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നയങ്ങളില്‍ പ്രതിഷേധിച്ച് ഭരണകക്ഷി എം പി വിക്കി ഫോക്സ്‌ക്രോഫ് ഗവണ്മെന്റ് വിപ്പ് സ്ഥാനം രാജിവെച്ചു. 2020 നും 2024 നും ഇടയിലായി ഷാഡോ ഡിസെബിലിറ്റി മന്ത്രിയായിരുന്ന ഫോക്സ്‌ക്രോഫ് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നത് ഭിന്നശേഷിക്കാര്‍ക്കുള്ള സഹായം വരെ വെട്ടിക്കുറയ്ക്കുന്ന നടപടിയെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നാണ്. ഉയര്‍ന്നു കൊണ്ടേയിരിക്കുന്ന ക്ഷേമ പദ്ധതി ചെലവുകള്‍ നിയന്ത്രിക്കണമെന്ന് പറഞ്ഞ അവര്‍ , പക്ഷെ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വെട്ടിച്ചുരുക്കല്‍ അതിനുള്ള പരിഹാരമല്ലെന്നും പറഞ്ഞു.
സര്‍ക്കാരില്‍ നിന്നും പുറത്തു പോകണമോ, അതിനകത്തു നിന്നു തന്നെ പോരാടണമോ എന്ന കാര്യത്തില്‍ തനിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നതായി ലൂയിഷാം നോര്‍ത്ത് എം പിയായ ഫോക്സ്‌ക്രോഫ്റ്റ് പറഞ്ഞു. എന്നാല്‍, താന്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് തോന്നുന്നില്ല എന്നും അവര്‍ പറഞ്ഞു.
അടുത്ത മാസം പാര്‍ലമെന്റില്‍ പുതിയ നയം അവതരിപ്പിക്കാനിരിക്കെ, അതിനെ പരസ്യമായി എതിര്‍ത്ത് രംഗത്തെത്തുന്ന ആദ്യ ലെബര്‍ ഫ്രണ്ട് ബെഞ്ചറാണ് ഇവര്‍. നിരവധി മറ്റ് ലേബര്‍ എം പിമാരും ഈ പരിഷ്‌കാരത്തിനെതിരെ രംഗത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യൂണിവേഴ്സല്‍ ക്രെഡിറ്റ്, പേഴ്സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പെയ്‌മെന്റ് എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള ബില്‍ വരുന്ന ജൂലൈ 1 ന് ആണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. ബെനെഫിറ്റ് ബില്ലില്‍ നിന്നും അഞ്ച് ബില്യന്‍ പൗണ്ടോളം ഇത് വെട്ടിച്ചുരുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍, സമ്മര്‍ദ്ദം ചെലുത്തി ഈ പരിഷ്‌കാരങ്ങള്‍ വേണ്ടെന്ന് വെപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.