പുതിയ സര്‍വേയില്‍ ലേബറിനേക്കാള്‍ ഒന്‍പത് പോയിന്റ് മുന്‍തൂക്കം നേടി റിഫോം യുകെ
റിഫോം യുകെ പാര്‍ട്ടി കുതിപ്പ് തുടരുകയാണ്. ഏറ്റവും ഒടുവില്‍ നടന്ന അഭിപ്രായ സര്‍വേയില്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയേക്കാള്‍ ഒന്‍പത് പോയിന്റുകള്‍ക്കാണ് അവര്‍ മുന്നിട്ട് നില്‍ക്കുന്നത്. റിഫോം പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നവരുടെ എണ്ണം ടോറികള്‍ക്ക് വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നവരുടെ എണ്ണത്തേക്കാള്‍ ഇരട്ടിയിലധികം ആയതാണ് മറ്റൊരു പ്രധാന കാര്യം. ടോറികള്‍ക്ക് 15 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് 25 ശതമാനവും റിഫോം യുകെയ്ക്ക് 34 ശതമാനവും വോട്ട് ലഭിച്ചു.
ഇപ്സോസ് നടത്തിയ അഭിപ്രായ സര്‍വേയുടെ ഫലം സൂചിപ്പിക്കുന്നത് റിഫോം പാര്‍ട്ടിയുടെ അതിവേഗമുള്ള വളര്‍ച്ചയെയാണ്. അതിനോടൊപ്പം അധികാരത്തിലേറി ആദ്യ വര്‍ഷം തന്നെ കീര്‍ സ്റ്റാര്‍മറുടെയും ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സിന്റെയും ജനപിന്തുണ കുത്തനെ ഇടിയുന്നതും ഇതില്‍ വ്യക്തമാണ്, ഇതെ വോട്ടിംഗ് പാറ്റേണ്‍ തന്നെയാണ് പൊതു തെരഞ്ഞെടുപ്പിലും ദൃശ്യമാകുന്നതെങ്കില്‍ റിഫോം യു കെ ജനപ്രതിനിധി സഭയില്‍ 400 സീറ്റുകള്‍ നേടും എന്നാണ് ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത്, 200 സീറ്റുകളുടെ ഭൂരിപക്ഷം.
ഈ അഭിപ്രായ സര്‍വേഫലം പ്രതിഫലിപ്പിക്കുന്ന മറ്റൊരു വസ്തുത ലേബര്‍ പാര്‍ട്ടിയുടെ 54 ശതമാനം വോട്ടര്‍മാരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 48 ശതമാനം വോട്ടര്‍മാരും തങ്ങളുടെ പാര്‍ട്ടികളെ കൈയ്യൊഴിഞ്ഞു എന്നാണ്. ഈ രണ്ടു പാര്‍ട്ടികളില്‍ നിന്നും വലിയൊരു ഭാഗം വോട്ടര്‍മാര്‍ റിഫോം യു കെയിലേക്കാണ് മാറിയിരിക്കുന്നത്. ലേബര്‍ പാര്‍ട്ടിയുടെ സീറ്റുകള്‍ 403 ല്‍ നിന്നും 140 ആയി കുറയുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വെറും 10 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേഫലം പറയുന്നു.
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നേടാന്‍ ആകും എന്ന് തന്നെയാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത് എന്ന് റിഫോം യു കെ നേതാവ് നിഗാല്‍ ഫരാജ് പറഞ്ഞു. ടോണി ബ്ലെയറിന് ശേഷം ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറി ഒരു വര്‍ഷം മുന്‍പ് തന്നെ ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ കുത്തനെ ഇടിയുന്നതാണ് അഭിപ്രായ സര്‍വേയില്‍ കാണുന്നത്.
വെറും 19 ശതമാനം പേര്‍ മാത്രമാണ് സ്റ്റാര്‍മറുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് പറഞ്ഞത്. അതേസമയം 73 ശതമാനം പേര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, അധികാരത്തിലേറി ആദ്യ വര്‍ഷം ബോറിസ് ജോണ്‍സന് 48 ശതമാനം ജനപിന്തുണ ഉണ്ടായിരുന്നു. ടോണി ബ്ലെയറിന് 68 ശതമാനവും ജോണ്‍ മേജറിന് 54 ശതമാനവും ആയിരുന്നു ആദ്യ വര്‍ഷത്തെ ജനപിന്തുണ.