ലേബര്‍ ചെങ്കോട്ടകളില്‍ റിഫോം യുകെ മുന്നേറ്റം തടയാന്‍ ലക്ഷ്യമിട്ടു ബ്രിട്ടന്റെ വ്യവസായ തന്ത്രങ്ങള്‍ മെച്ചപ്പെടുത്താന്‍ 275 മില്ല്യണ്‍ പൗണ്ട് നിക്ഷേപിക്കാന്‍ ഗവണ്‍മെന്റ് പദ്ധതി. ടെക്‌നിക്കല്‍ ട്രെയിനിംഗ്, അപ്രന്റീസ്ഷിപ്പുകള്‍ക്കായാണ് ഈ തുക ഇറക്കുന്നത്. ഇംഗ്ലണ്ടിന്റെ നിര്‍മ്മാണ മേഖലകളില്‍ നിഗല്‍ ഫരാഗിന്റെ സ്വാധീനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ലേബര്‍ നീക്കം.
പുതിയ ടെക്‌നിക്കല്‍ കോളേജുകള്‍ക്ക് ഫണ്ടിംഗ് ലഭ്യമാക്കുമെന്ന് ബിസിനസ് സെക്രട്ടറി ജോന്നാഥന്‍ റെയ്‌നോള്‍ഡ്‌സ് പാക്കേജ് പ്രഖ്യാപിക്കവെ വ്യക്തമാക്കി. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ മാനുഫാക്ചറിംഗ് എന്നിവയില്‍ ഹൃസ്വകാല കോഴ്‌സുകളും നല്‍കും. ഇംഗ്ലണ്ടിലെ ട്രെയിനിംഗ് പരിശീലകര്‍ക്ക് സുപ്രധാന ക്യാപിറ്റല്‍ അപ്‌ഗ്രേഡും ലഭ്യമാക്കും.
എഞ്ചിനീയറിംഗ്, ഡിഫന്‍സ് കൂടാതെ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തുന്ന മേഖലകളായ ബാറ്ററി നിര്‍മാണം, നൂത നിര്‍മ്മാണ മേഖല എന്നിവിടങ്ങളില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സ്‌കില്‍ ക്ഷാമം പരിഹരിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.വിദേശ ജോലിക്കാരെ അമിതമായി ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ സ്ട്രാറ്റജിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
സുപ്രധാന വ്യവസായങ്ങള്‍ക്ക് ആവശ്യമായ ടാലന്റ് ആഭ്യന്തരമായി വികസിപ്പിക്കുന്നുവെന്ന് ഉറപ്പിക്കാനാണ് ഇത് സഹായിക്കുക. രാജ്യത്തിന്റെ ശേഷി നഷ്ടപ്പെടുന്നുവെന്ന് ഫരാഗിന്റെ തുടര്‍ച്ചയായുള്ള പ്രസ്താവനകളെ ഇതുവഴി നേരിടാമെന്നാണ് ലേബര്‍ പ്രതീക്ഷിക്കുന്നത്.