ഹൗസ് ഓഫ് കോമണ്‍സില്‍ പാസായ ദയാവധ ബില്‍ ഇപ്പോള്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സിന്റെ പരിഗണനയിലാണ്. ഇവിടെയും അംഗീകാരം ലഭിച്ചാല്‍ വര്‍ഷത്തിന്റെ അവസാനത്തോടെ ഇത് നിയമമായി മാറിയേക്കാം. എന്നാല്‍ അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നിയമമാക്കിയാല്‍ അത് ജീവിച്ചിരിക്കുന്നവര്‍ക്ക് ചികിത്സ നല്‍കാനുള്ള പണം കവരുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ ആഴ്ച സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ വെസ് സ്ട്രീറ്റിംഗ് ആത്മഹത്യാ നിയമത്തെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. ഈ പുതിയ രീതി നടപ്പിലാക്കാന്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും സമയവും, പണവും ചെലവ് ചെയ്യേണ്ടി വരുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ നിലപാട്.
അവസാന കാലത്ത് മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കി തങ്ങള്‍ ജീവിതം അവസാനിപ്പിക്കാതെ മറ്റ് വഴികളില്ലെന്ന തോന്നലില്‍ നിന്നും ഗുരുതര രോഗങ്ങള്‍ ബാധിച്ചവരെ തടയുകയാണ് വേണ്ടതെന്ന് സ്ട്രീറ്റിംഗ് പറയുന്നു. മെഡിക്കല്‍ പ്രൊഫഷണലുകളുടെ സഹായത്തോടെ ആളുകളെ മരിക്കാന്‍ അനുവദിക്കുന്ന ബില്ല് കേവലം 23 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പാസായത്.
കോമണ്‍സ് കടന്നെങ്കിലും ലോര്‍ഡ്‌സില്‍ ബില്ലിന് കടുത്ത എതിര്‍പ്പുണ്ട്. പ്രധാനപ്പെട്ട മാറ്റങ്ങള്‍ ബില്ലില്‍ വരുത്തുകയോ, സമ്പൂര്‍ണ്ണമായി തടയുകയോ ചെയ്യുമെന്നാണ് പല അംഗങ്ങളുടെയും നിലപാട്. ബില്ലിനൊപ്പം വരുന്ന അപകടങ്ങളെ കുറിച്ച് റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്, റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ്, അസോസിയേഷന്‍ ഫോര്‍ പാലിയേറ്റീവ് മെഡിസിന്‍, വിവിധ ചാരിറ്റി ഗ്രൂപ്പുകള്‍ എന്നിവര്‍ ഉയര്‍ത്തിയ ആശങ്കകള്‍ തനിക്ക് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നാണ് സ്ട്രീറ്റിംഗ് ഫേസ്ബുക്കില്‍ കുറിച്ചത്.
ദയാവധത്തിലൂടെ സര്‍വ്വീസിന് ലഭിക്കുന്ന ലാഭത്തെ കുറിച്ച് പരിഗണിച്ചാലും, ഈ സിസ്റ്റം നടപ്പിലാക്കാന്‍ സമയവും, പണവും അധികമായി വേണ്ടിവരുമെന്ന് ഹെല്‍ത്ത് സെക്രട്ടറി പറയുന്നു. ഇതിനുള്ള ബജറ്റില്ല. ഈ തെരഞ്ഞെടുപ്പ് തെറ്റായെന്നാണ് തോന്നുന്നത്, അദ്ദേഹം പറയുന്നു.