ഇറാന് മേല്‍ അമേരിക്ക നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ലണ്ടനില്‍ നിന്നും ദുബായിലെക്കും ദോഹയിലേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്തു. ഞായറാഴ്ച ഹീത്രൂവില്‍ നിന്നും പുറപ്പെടാനിരുന്നതും, ഇവിടേക്ക് വരാന്‍ ഇരുന്നതുമായ, ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ എല്ലാ ദുബായ്, ദോഹ സര്‍വ്വീസുകളുമാണ് റദ്ദ് ചെയ്തത്. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെയാണ് വിമാനക്കമ്പനി ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലും അവരുടെ വ്യോമപാത പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്.
ശനിയാഴ്ച രാത്രി ഹീത്രൂവില്‍ നിന്നും ദുബായിലേക്ക് യാത്ര തിരിച്ച ഒരു ബി എ വിമാനം സൂറിച്ചിലേക്ക് തിരിച്ചു വിടേണ്ടതായി വന്നിരുന്നു. ഇതിനു ശേഷമാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. സമീപകാല സംഭവങ്ങളുടെ വെളിച്ചത്തില്‍, യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന് സുരക്ഷ ഉറപ്പാക്കാനാണ് പല ഷെഡ്യൂളുകളും മാറ്റിയതെന്നും ബ്രിട്ടീഷ് എയര്‍വെയ്‌സ് അറിയിച്ചു.
അതേസമയം, ഗാറ്റ്വിക്ക് വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് അവിടെ നിന്നും ദോഹയിലെക്കും ദുബായിലേക്കും ഉള്ള സര്‍വ്വീസുകള്‍ പതിവുപോലെ നടക്കുന്നുണ്ട്.
സുരക്ഷയെ കരുതി വിമാനക്കമ്പനികള്‍ സര്‍വ്വീസുകള്‍ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്യുന്നത് പ്രവാസികള്‍ക്കാണ് വലിയ തിരിച്ചടിയാകുന്നത്. ഉറ്റവരെയും ഉടയവരെയും കാണാന്‍ ധൃതിപിടിച്ച് നാട്ടിലെത്താന്‍ ശ്രമിക്കുന്നവര്‍ക്കും, അതുപോലെ, ഒഴിവുകാലം ബന്ധുക്കള്‍ക്കൊപ്പം ചെലവഴിച്ച്, തിരികെ പോകാന്‍ ഒരുങ്ങുന്നവര്‍ക്കുമെല്ലാം ഈ റൂട്ട് മാറ്റം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
അതിനിടെ, പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറും രംഗത്ത് വന്നു. സംഘര്‍ഷം കൂടുതല്‍ തീവ്രമായാല്‍, ബ്രിട്ടീഷ് ജനതയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇറാന്റെ ആണവായുധങ്ങള്‍ ലോക സമാധാനത്തിന് ഭീഷണിയാണെന്ന് പറഞ്ഞ് അദ്ദേഹം അമേരിക്കന്‍ ആക്രമണത്തെ ന്യായീകരിക്കുകയും ചെയ്തു.