ഹൃദ്രോഗ ചികിത്സയ്ക്കായി യുകെയിലെത്തിയ ആള്‍ക്ക് ബലാത്സംഗത്തിന് 7 വര്‍ഷം ജയില്‍ ശിക്ഷ
അപൂര്‍വ്വ ഹൃദ്രോഗ ചികിത്സയ്ക്കായി യുകെയിലെത്തിയ ഖത്തര്‍ ഒട്ടക ഇടയന്‍ ചെല്‍സി ആശുപത്രിയില്‍ സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ച് 7 വര്‍ഷം ജയില്‍ ശിക്ഷ ഏറ്റുവാങ്ങി. ചെല്‍സിയിലെ സ്‌പെഷ്യലിസ്റ്റ് ഹൃദ്രോഗ ക്ലിനിക്കില്‍ സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ച ഖത്തര്‍ സ്വദേശിയായ ഒട്ടക ഇടയന് ആണ് ശിക്ഷ. സ്വദേശത്ത് സ്ത്രീകളുമായി അടുത്ത് ഇടപഴകാറില്ലെന്നതാണ് ബ്രിട്ടനിലെത്തിയപ്പോള്‍ നടത്തിയ അക്രമത്തിന് കാരണമായി ഇയാള്‍ പറയുന്നത്.
ലോകപ്രശസ്തമായ സൗത്ത് വെസ്റ്റ് ലണ്ടന്‍, ചെല്‍സിയിലെ റോയല്‍ ബ്രോംപ്ടണ്‍ ഹോസ്പിറ്റലിലെ ടോയ്‌ലെറ്റിലേക്ക് സ്ത്രീയെ വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം ലൈംഗിക അക്രമം നടത്തുകയായിരുന്നു ഇയാള്‍. ഈ കുറ്റങ്ങള്‍ക്ക് നാസര്‍ അല്‍ ജെറാനിഖിന് ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും.
അപൂര്‍വ്വമായ ഹൃദ്രോഗത്തിന് ചികിത്സ തേടിയാണ് 27-കാരന്‍ ബ്രിട്ടനിലെത്തിയത്. എന്നാല്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ആശുപത്രിയില്‍ വെച്ച് 2023 ആഗസ്റ്റ് 23ന് ടോയ്‌ലെറ്റിലേക്ക് സ്ത്രീയെ വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്ന് സൗത്ത്‌വാര്‍ക്ക് ക്രൗണ്‍ കോടതി വിചാരണയില്‍ വ്യക്തമാക്കി.
എന്നാല്‍ തനിക്കെതിരെ ചുമത്തിയ ബലാത്സംഗ ശ്രമത്തിനുള്ള കുറ്റം ഇയാള്‍ നിഷേധിച്ചു. കൂടാതെ ഖത്തറിലെ യാഥാസ്ഥിതികമായ ബെദോവിന്‍ വംശത്തില്‍ പിറന്നതിനാല്‍ കുടുംബാംഗങ്ങള്‍ അല്ലാതെയുള്ള സ്ത്രീകളുമായി തനിക്ക് വലിയ ബന്ധമുണ്ടായിരുന്നില്ലെന്ന് ഇയാള്‍ വാദിച്ചു. മരുഭൂമിയുടെ അന്തരീക്ഷത്തില്‍ ആധുനിക സാമൂഹിക രീതികളുമായി പരിചിതമല്ലാതെ ജീവിച്ചതാണ് നാസറിനെ ഈ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രതിഭാഗം വാദിച്ചത്.
ഈ വാദങ്ങള്‍ തള്ളിയ കോടതി നാസറിനെതിരായ ബലാത്സംഗ കുറ്റങ്ങള്‍ ശരിവെയ്ക്കുകയായിരുന്നു. കൂടാതെ അനുമതിയില്ലാതെ ഒരു വ്യക്തിയുമായി ലൈംഗികതയ്ക്ക് ശ്രമിച്ച കുറ്റവും തെളിയിക്കപ്പെട്ടു. ആശുപത്രി പോലൊരു സ്ഥലത്ത് വെച്ച് അക്രമത്തിന് ഇരയായതിന്റെ ആഘാതത്തിലാണ് യുവതി. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയിലാണെന്ന് ഇവര്‍ കോടതിയില്‍ വ്യക്തമാക്കി.
സാംസ്‌കാരികമായ വ്യത്യാസമുണ്ടെങ്കില്‍ നിങ്ങള്‍ എന്താണ് ഒരു പരിചയമില്ലാത്ത വ്യക്തിയോട് ചെയ്തതെന്ന് ബോധ്യമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഏഴ് വര്‍ഷത്തെ ശിക്ഷ വിധിച്ചത്. റിമാന്‍ഡ് കാലയളവില്‍ 415 ദിവസമായി ജയിലില്‍ കഴിഞ്ഞത് കുറച്ച് അനുഭവിച്ചാല്‍ മതിയാകും.