സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിംഗിന് വരാന്‍ വൈകിയ സ്ത്രീകള്‍ക്ക് വീട്ടില്‍ തന്നെ പരിശോധന നടത്താനുള്ള സൗകര്യം നല്‍കാന്‍ ഒരുങ്ങി എന്‍എച്ച്എസ് ഇംഗ്ലണ്ട്. ജനുവരി മുതല്‍ ലഭ്യമാകുന്ന DIY ടെസ്റ്റ് കിറ്റുകളില്‍ യോനിയിലെ ആവരണം തുടയ്ക്കാന്‍ നീളമുള്ള ഒരു കോട്ടണ്‍ ബഡ് അടങ്ങിയതാണ്. മിക്ക സെര്‍വിക്കല്‍ കാന്‍സറുകള്‍ക്കും കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ തിരിച്ചറിയാനാണ് ഈ പരിശോധന നടത്തുക. 25 നും 64 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഇത് നല്‍കാറുണ്ട്. എന്നാല്‍ അഞ്ച് ദശലക്ഷത്തിലധികം സ്ത്രീകള്‍ കൃത്യ സമയത്ത് ഈ ടെസ്റ്റ് ചെയ്യുന്നില്ലെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇംഗ്ലണ്ടിലെ ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ്, ഗര്‍ഭാശയ പരിശോധനയില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതില്‍ തടസങ്ങള്‍ നേരിടാതിരിക്കാനാണ് ഇത്തരത്തിലുള്ള നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. പലപ്പോഴും അസ്വസ്ഥത, സമയക്കുറവ്, മതപരമോ സാംസ്കാരികമോ ആയ വിശ്വാസങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ സ്ത്രീകളെ ഈ പരിശോധന നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. നിലവില്‍, യോഗ്യരായ സ്ത്രീകളില്‍ 68.8% പേര്‍ മാത്രമാണ് സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിംഗ് ഓഫര്‍ സ്വീകരിക്കുന്നത്.
പ്രീ-പെയ്ഡ് റിട്ടേണ്‍ പോസ്റ്റേജുമായി പായ്ക്ക് ചെയ്തിരിക്കുന്ന ഈ കിറ്റുകള്‍, സ്ത്രീകള്‍ക്ക് വീട്ടില്‍ തന്നെ സാമ്പിള്‍ ശേഖരിക്കാന്‍ അനുവദിക്കുന്നു. HPV കണ്ടെത്തിയാല്‍, കാന്‍സറിനെ സൂചിപ്പിക്കുന്ന ഏതെങ്കിലും കോശ മാറ്റങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഇത്തരക്കാരെ കൂടുതല്‍ പരിശോധനകള്‍ക്കായി റഫര്‍ ചെയ്യും. അടുത്തിടെ നടത്തിയ ഒരു പരീക്ഷണത്തില്‍, മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹോം കിറ്റുകള്‍ ഉപയോഗിക്കുന്നത് സ്‌ക്രീനിംഗ് സ്വീകാര്യത 77% ആയി ഉയര്‍ത്തുമെന്ന് കണ്ടെത്തി. അതിജീവന നിരക്ക് മെച്ചപ്പെടുത്തുന്നതില്‍ നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിന്റെ പ്രാധാന്യം ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് എടുത്ത് കാട്ടി. വീട്ടില്‍ തന്നെ പരിശോധന നടത്തുന്നത് സെര്‍വിക്കല്‍ കാന്‍സറിന്റെ നിരക്ക് കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുമെന്ന് കാന്‍സര്‍ റിസര്‍ച്ച് യുകെ പറയുന്നു.