ലേബര്‍ സര്‍ക്കാരിന്റെ ബെനഫിറ്റ് നയത്തിനെതിരെ സ്വന്തം പാര്‍ട്ടിയിലെ 130 എംപിമാര്‍ രംഗത്ത്; ബില്ലുമായി മുന്നോട്ടെന്ന് പ്രധാനമന്ത്രി
ലേബര്‍ ഗവണ്‍മെന്റിന്റെ ബെനഫിറ്റ് നയത്തിനെതിരെ 130 ഓളം ഭരണകക്ഷി എംപിമാര്‍ പരസ്യമായി രംഗത്ത്. ഹെല്‍ത്ത്, ഡിസെബിലിറ്റി ബെനഫിറ്റുകളില്‍ കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങള്‍ ഇല്ലാതെയാകുന്ന നിയമ ഭേദഗതി നിര്‍ദ്ദേശത്തില്‍ 130 ലേബര്‍ എംപിമാര്‍ ഒപ്പിട്ടതോടെ സര്‍ക്കാര്‍ ആശങ്കയിലാണ്. എന്നാല്‍ ബില്ലുമായി മുന്നോട്ട് പോകുമെന്ന നിലപാടില്‍ തന്നെയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സും ഭേദഗതിക്കെതിരെ രംഗത്തുണ്ട്. ക്ഷേമ പദ്ധതികള്‍ക്കായുള്ള ചെലവ് ഉയരുകയാണ്. നിലവിലെ നിര്‍ദ്ദേശപ്രകാരമുള്ള അഞ്ചു ബില്യണ്‍ പൗണ്ടിന്റെ കുറവ് വരുത്തിയാല്‍ പോലും പ്രതിസന്ധി തുടരുകയാണ്.
സാമ്പത്തിക പ്രതിസന്ധിയില്‍ നികുതി ഇനിയും കൂട്ടേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍.
ബെനഫിറ്റുകളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തില്‍ ഒരു മന്ത്രി രാജിവച്ചിരുന്നു. മറ്റു പലരും പ്രതിഷേധവുമായി രംഗത്തും വന്നു. വോട്ടെടുപ്പ് നീട്ടിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കീര്‍ സ്റ്റാര്‍മര്‍ ഇതു നിഷേധിച്ചിരുന്നു. ജൂലൈ 1ന് തന്നെ വോട്ടെടുപ്പ് നടക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ക്ഷേമ പെന്‍ഷനുകള്‍ അലസന്മാരാക്കുന്നുവെന്ന വാദം നിലവില്‍ നിലനില്‍ക്കുന്നുണ്ട്. പലരും ജോലി ചെയ്യുന്നില്ലെന്നും ഉത്പാദന ക്ഷമത കുറയുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതിനാല്‍ ഉടച്ചുവാര്‍ക്കല്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രിയും ചാന്‍സലറും വ്യക്തമാക്കുന്നു. വോട്ടിംഗില്‍ പരാജയപ്പെടുന്നത് ഗവണ്‍മെന്റിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് റേച്ചല്‍ റീവ്‌സ് ബാക്ക്‌ബെഞ്ചുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം വോട്ടിംഗില്‍ പരാജയം രുചിച്ചാലും താന്‍ രാജിവെയ്ക്കില്ലെന്നും സ്റ്റാര്‍മര്‍ പറയുന്നു.
5 ബില്ല്യണ്‍ പൗണ്ട് വെല്‍ഫെയര്‍ ചെലവ് ഇനത്തില്‍ കുറയ്ക്കാന്‍ ശ്രമിക്കുമ്പോഴും ബില്ലുകള്‍ മറുഭാഗത്ത് വര്‍ദ്ധിക്കുകയാണ്. ഇതോടെ ബുക്ക് ബാലന്‍സ് ചെയ്യാന്‍ ഓട്ടം ബജറ്റില്‍ റീവ്‌സിന് നികുതികള്‍ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് ഇക്കണോമിസ്റ്റുകള്‍ വിശ്വസിക്കുന്നു. ലേബര്‍ എംപിമാരിലെ വിമതരുടെ വോട്ടുകള്‍ പാര്‍ട്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം അട്ടിമറിക്കാന്‍ പാകത്തിലുള്ളതാണ്. 1986-ലാണ് അവസാനമായി ഒരു ഗവണ്‍മെന്റിന് സെക്കന്‍ഡ് റീഡിംഗ് നഷ്ടമായത്.