കഞ്ചാവ് കൈവശം വച്ചതായുള്ള സംശയത്തിന്റെ പേരും പറഞ്ഞു കറുത്തവംശജയായ 15 വയസ്സുകാരിയെ വസ്ത്രമഴിച്ച് പരിശോധിച്ച രണ്ട് മെറ്റ് പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇവരുടെ ഭാഗത്തു നിന്ന് ഗുരുതരമായ മോശം പെരുമാറ്റം ഉണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് നടപടി.
2020 -ല്‍ ഈസ്റ്റ് ലണ്ടനിലെ ഹാക്ക്നിയിലെ ഒരു സ്കൂളില്‍ ആണ് സംഭവം നടന്നത്. കറുത്ത വര്‍ഗക്കാരിയായ പെണ്‍കുട്ടിയെ പിസിമാരായ ക്രിസ്റ്റീന ലിംഗെ, വിക്ടോറിയ വ്രേ, റാഫാല്‍ ഷ്മിഡിന്‍സ്കി എന്നിവര്‍ ആയിരുന്നു വസ്ത്രമഴിച്ച് പരിശോധിച്ചത്.
2022-ല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന്, സ്കോട്ട്ലന്‍ഡ് യാര്‍ഡ് ക്ഷമാപണം നടത്തിയിരുന്നു. ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷണര്‍ ഡാം റേച്ചല്‍ ഡി സൂസ ഈ കേസിനെ ഞെട്ടിപ്പിക്കുന്നത് എന്നാണ് വിശേഷിപ്പിച്ചത്. പെണ്‍കുട്ടി കഞ്ചാവ് കൈവശം വച്ചിട്ടുണ്ടെന്ന് പിസിമാരായ ലിംഗെ, വ്രേ, ഷ്മിഡിന്‍സ്കി എന്നിവര്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടിയെടുത്തത്.
പക്ഷേ അവരുടെ ബാഗുകളിലോ പുറം വസ്ത്രങ്ങളിലോ മയക്കുമരുന്ന് കണ്ടെത്തിയില്ലെന്ന് പോലീസ് വാച്ച്ഡോഗ് പിന്നീട് കണ്ടെത്തി. ഗുരുതരമായ കുറ്റം ചെയ്തതായി കണ്ടെത്തിയ രണ്ടുപേരെ പിരിച്ചുവിടുകയും ഒരാളെ താക്കീത് നല്‍കുകയും ആണ് ചെയ്തത്. 2022ല്‍ ഈ സംഭവം പുറത്തറിഞ്ഞപ്പോള്‍ കടുത്ത പ്രതിഷേധങ്ങള്‍ ആണ് രാജ്യത്തു ഉയര്‍ന്നത്. കുട്ടിയോട് വംശീയമായി പെരുമാറിയതായുള്ള ആരോപണം ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഉയര്‍ന്നു വന്നിരുന്നു.