മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ ഹള്ളിലെ ഫ്യൂണറല്‍ ഡയറക്ടര്‍ക്കെതിരെ കടുത്ത കുറ്റങ്ങള്‍ ചുമത്തി. അറുപത്തി മൂന്നോളം കുറ്റങ്ങള്‍ ചാര്‍ത്തിയ ഫ്യൂണറല്‍ ഡയറക്ടര്‍ ഇന്നലെ കോടതിയില്‍ ഹാജരായി. മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. നിയമപരമായ ശവമടക്കല്‍ നിഷേധിച്ച 30 കുറ്റങ്ങളും, ഇയാളുടെ സ്ഥാപനത്തില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ ചമച്ച 30 കുറ്റങ്ങളുമാണ് ഇതില്‍ പ്രധാനമായും ഉള്ളത്.
ഹള്ളിലെ ലെഗസി ഇന്‍ഡിപെന്‍ഡന്റ് ഫ്യൂണറല്‍ ഡയറക്ടേഴ്സ് എന്ന സ്ഥാപനത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. റോബര്‍ട്ട് ബുഷ് എന്ന 47 കാരനെതിരെ ചുമത്തിയ കുറ്റങ്ങള്‍ നടന്നിരിക്കുന്നത് കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടയിലാണ്. മനുഷ്യ ചിതാഭസ്മവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ച ഒരു കേസും, ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ നടത്തിയതിനും ഇയാളുടെ പേരില്‍ കേസുകളുണ്ട്.
സാല്‍വേഷന്‍ ആര്‍മി ഉള്‍പ്പടെ പന്ത്രണ്ടോളം ചാരിറ്റികളില്‍ നിന്നും പണം തട്ടിച്ചു എന്ന കേസും ബുഷിനെതിരെയുണ്ട്. കോടതിയിലെത്തിയ ഈയാള്‍, തന്റെ പേരും ജനന തീയതിയും മേല്‍വിലാസവും സ്ഥിരീകരിക്കുന്നതിനു മാത്രമായിട്ടാണ് സംസാരിച്ചത്. ഹള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വെറും അഞ്ച് മിനിറ്റ് മാത്രമായിരുന്നു വിചാരണ നീണ്ടുനിന്നത്. ഇതില്‍ 30 കേസുകള്‍ ക്രൗണ്‍ കോടതിയായിരിക്കും കേള്‍ക്കുക. കേസ് വിചാരണ ആരംഭിക്കുക ആഗസ്റ്റ് 13ന് ആയിരിക്കും. ബ്രിഡ്‌ലിംഗ്ടണ്‍ പോലീസ് സ്റ്റേഷനില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ എല്ലാ ദിവസവും ഹാജരാകണം എന്ന നിബന്ധനയില്‍ ഇപ്പോള്‍ ഇയാളെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.