ഇംഗ്ലണ്ടിലെ ആശുപത്രികള്‍ക്ക് പണം നല്‍കുന്നതും, രോഗികളുടെ റേറ്റിംഗും തമ്മില്‍ ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍. എന്‍എച്ച്എസിന്റെ 10 വര്‍ഷത്തെ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനങ്ങളില്‍ നിന്നും അകന്ന് നിന്നാല്‍ സേവനങ്ങള്‍ തന്നെ അവസാനിക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെയാണ് ഈ പദ്ധതി.
രോഗികള്‍ അസന്തുഷ്ടരായാല്‍ ആശുപത്രികള്‍ക്ക് ലഭിക്കുന്ന ഫണ്ടില്‍ ഒരു ഭാഗം നഷ്ടപ്പെടുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതുവഴി രോഗികളുടെ ഭാഗം കേള്‍ക്കാന്‍ ആശുപത്രികള്‍ തയാറാകുകയും, കൂടുതല്‍ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കുകയും ചെയ്യുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി പ്രതീക്ഷിക്കുന്നത്.
എന്നാല്‍ എന്‍എച്ച്എസിന് മേല്‍ ഉപകരണമില്ലാതെ സര്‍ജറി നടത്തുന്നത് പോലെയാണ് ഈ പദ്ധതിയെന്ന് ഡോക്ടര്‍മാര്‍ ആശങ്കപ്പെടുന്നു. രോഗികള്‍ ഉപയോഗിച്ച സേവനത്തിന് പൂര്‍ണ്ണ ഫണ്ടിംഗ് നല്‍കണോ, അതോ അതിലൊരു ഭാഗം റീജ്യണല്‍ ഫണ്ടിലേക്ക് വകമാറ്റണോ എന്നാണ് ചോദ്യം വരിക. രോഗികള്‍ അസന്തുഷ്ടരാണെങ്കില്‍ 10 ശതമാനത്തോളം കുറയ്ക്കുമെന്നാണ് ടൈംസ് റിപ്പോര്‍ട്ട്.
മോശം പരിചരണം ലഭിക്കുന്നതും, രോഗികളെ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നതും സംബന്ധിച്ച കൃത്യമായ ട്രാക്ക് റെക്കോര്‍ഡ് രേഖപ്പെടുത്താന്‍ ഇത് സഹായിക്കുമെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. രോഗികള്‍ അസൗകര്യമായതിനാല്‍ ഇവരെ അകറ്റിനിര്‍ത്താന്‍ ആവശ്യമായ തോതില്‍ സിസ്റ്റം പ്രവര്‍ത്തിക്കുന്നതായി എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ പുതിയ മേധാവി ജിം മാക്കി വ്യക്തമാക്കിയിരുന്നു.
എന്‍എച്ച്എസ് സേവനങ്ങളും, പൊതുജനങ്ങളും തമ്മില്‍ ബന്ധമില്ലാത്ത നിലയിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്കെന്ന് മാക്കി മുന്നറിയിപ്പ് നല്‍കി.