സുരക്ഷാ വീഴ്ചകള്‍ കണ്ടെത്താന്‍ Al സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ ആരോഗ്യ സംവിധാനമായി എന്‍എച്ച്എസ്
എന്‍എച്ച്എസിന് വിപ്ലവകരമായ പരിഷ്കരണം നടത്തുന്നതിന് അനുമതി. ആധുനികതയുടെ പുതിയ മുഖം നല്‍കാന്‍ Al സാങ്കേതികവിദ്യ ഉപയോഗിക്കും. ആശുപത്രി ഡേറ്റാബേസുകള്‍ വിശകലനം ചെയ്യുന്നതിനും സാധ്യമായ സുരക്ഷാ വീഴ്ചകള്‍ നേരത്തേ കണ്ടെത്തുന്നതിനും AI ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ആരോഗ്യ സംവിധാനമായി ഇതോടെ എന്‍എച്ച്എസ് മാറും.
പാറ്റേണുകളോ ട്രെന്‍ഡുകളോ കണ്ടെത്താനും അടിയന്തര പരിശോധനകള്‍ക്ക് തുടക്കമിടാനും കഴിയുന്ന ഒരു മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം ഈ സാങ്കേതികവിദ്യ നല്‍കുമെന്ന് ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പ് പറഞ്ഞു. ഈ ആഴ്ച ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പുറത്തിറക്കാന്‍ പോകുന്ന എന്‍എച്ച്എസിനുള്ള 10 വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്.
മാനസികാരോഗ്യ മേഖലയിലും പ്രസവപരിചണത്തിനും നിരവധി പരാതികള്‍ അടുത്തിടെ ഉയര്‍ന്നുവന്നിരുന്നു. എന്‍എച്ച്എസില്‍ ഉടനീളം രോഗി പരിചരണത്തെ കുറിച്ചുള്ള ആശങ്കകള്‍ സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്ന അവസ്ഥയിലാണ്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച എന്‍എച്ച്എസ് പ്രസവ, നവജാതശിശു സേവനങ്ങളെ കുറിച്ചുള്ള ഒരു ദേശീയ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തെ ആരോഗ്യ സംവിധാനത്തിന്റെ പ്രധാന വീഴ്ചകളെ കുറിച്ച് ഇതിന്റെ ഭാഗമായി അന്വേഷണം നടത്തും.
എന്‍എച്ച് എസിലെ മിക്ക ചികിത്സകളും സുരക്ഷിതമാണെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും ഒഴിവാക്കണമെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. ഓരോ സുരക്ഷാ ലംഘനങ്ങളുടെയും പിന്നില്‍ ഒരു വ്യക്തിയുടെ ജീവിതമാണെന്നും അതുവഴി ഒരു കുടുംബമാണ് തകരുന്നതെന്നും ആരോഗ്യ സെക്രട്ടറി കൂട്ടി ചേര്‍ത്തു. രോഗിയുടെ സുരക്ഷയും ശക്തിയുമാണ് തങ്ങളുടെ 10 വര്‍ഷത്തെ ആരോഗ്യ പദ്ധതിയുടെ കാതല്‍ എന്നും AI സ്വീകരിച്ച് ലോകത്തിലെ ആദ്യത്തെ മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ, അപകടകരമായ ലക്ഷണങ്ങള്‍ വേഗത്തില്‍ കണ്ടെത്തുകയും ദോഷം സംഭവിക്കുന്നതിന് മുമ്പ് ദ്രുത പരിശോധനകള്‍ ആരംഭിക്കുകയും ചെയ്യാനാകും എന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു.
കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ AI സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ രോഗികളുടെ സുരക്ഷ നിലനിര്‍ത്തുന്നതിന് Al ഉപയോഗിക്കുന്നതിന് പകരം ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ പറഞ്ഞു.