കോവിഡ് മഹാമാരി യുകെയിലെ കെയര്‍ ഹോമുകളെ എത്രത്തോളം ബാധിച്ചു എന്നറിയാനുള്ള അന്വേഷണം തുടങ്ങി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അന്വേഷണത്തിന് തുടക്കമാകുന്നത്. മഹാമാരി കാലത്ത് കെയര്‍ ഹോമുകളെ കൈകാര്യം ചെയ്ത രീതി വലിയ പരാജയമായാണ് കരുതുന്നത്. അവിടെ അന്തേവാസികളും ജീവനക്കാരും വലിയ തോതില്‍ ഇരകളായി.
ഇംഗ്ലണ്ടിലും, വെയില്‍സിലും ഏകദേശം 46,000 കെയര്‍ ഹോം അന്തേവാസികളാണ് മരിച്ചത്. 2020 മാര്‍ച്ച് മുതല്‍ 2022 ജനുവരി വരെ കാലയളവിലായിരുന്നു ഇത്. അന്വേഷണത്തെ പിന്തുണയ്ക്കുന്നതായും, ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കി.
2020 മാര്‍ച്ചില്‍ ആശുപത്രിയിലെ രോഗികളെ തിടുക്കം പിടിച്ച് കെയര്‍ ഹോമുകളിലേക്ക് ഡിസ്ചാര്‍ജ് ചെയ്തത് ഉള്‍പ്പെടെ സംഭവങ്ങളില്‍ ഉത്തരം ലഭിക്കേണ്ടതുണ്ട്. മഹാമാരിയുടെ പ്രാരംഭ ഘട്ടത്തില്‍ ഈ ഡിസ്ചാര്‍ജ്ജാണ് കെയര്‍ ഹോമുകളിലേക്ക് വൈറസ് എത്തിച്ചതെന്നാണ് കുറ്റപ്പെടുത്തല്‍.
ചില കെയര്‍ ഹോമുകളില്‍ രോഗികളെ രക്ഷപ്പെടുത്താന്‍ നില്‍ക്കേണ്ടതില്ലെന്ന നോട്ടീസ് നല്‍കിയതും അന്വേഷണ വിധേയമാകും. പ്രിയപ്പെട്ടവരെ മാസങ്ങളോളം അകറ്റി നിര്‍ത്തിയ സന്ദര്‍ശന നയങ്ങളും ഇതില്‍ പെടും. 2020 ഏപ്രില്‍ 17- ആയതോടെ ദിവസേന കെയര്‍ ഹോമുകളില്‍ 540 പേര്‍ വീതം മരിക്കുന്ന അവസ്ഥയിലായിരുന്നു.