ഇംഗ്ലണ്ടിലെയും, സ്‌കോട്ട്‌ലാന്‍ഡിലെയും, വെയ്ല്‍സിലെയും 21 മില്യണ്‍ വീടുകള്‍ക്ക് ഇന്ന് മുതല്‍ എനര്‍ജി ബില്ലില്‍ കുറവ് വരും. ഒരു ശരാശരി കുടുംബത്തിന്റെ ഗ്യാസ് ഇലക്ട്രിസിറ്റി ബില്ലുകളില്‍ ഇന്ന് മുതല്‍ പ്രതിമാസം 11 പൗണ്ടിന്റെ കുറവാണ് ഉണ്ടാകുന്നത്. ഓഫ്‌ജെം പ്രഖ്യാപിച്ച പുതിയ പ്രൈസ് ക്യാപിന്റെ അടിസ്ഥാനത്തിലാണിത്. നിലവിലെ 7 ശതമാനം കുറവിനെ എല്ലാവരും സഹര്‍ഷം സ്വാഗതം ചെയ്യുമ്പോഴും ഈ വര്‍ഷം അവസാന പാദത്തില്‍ ബില്ലില്‍ വര്‍ദ്ധനവുണ്ടാകുമോ എന്ന ആശങ്കയുണ്ട്.
ഈ കുറഞ്ഞ നിരക്ക് വിന്ററിലും തുടരുമോ എന്ന സംശയമാണ് ഉയരുന്നത്. കുറഞ്ഞ നിരക്കില്‍ ഒരു ഫിക്സ്ഡ് ഡീല്‍ ലഭിക്കുമോ എന്നാണ് ഉപഭോക്താക്കള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ഭാവിയിലെ എനര്‍ജി നിരക്ക് പ്രവചനാതീതമാണ് എന്നതാണ് ഈ ആശങ്കക്ക് പ്രധാന കാരണം. വരുന്ന ശരത്ക്കാലത്ത് നിരക്കില്‍ വലിയ വ്യത്യാസം വരുമെന്ന് കരുതുന്നില്ലെങ്കിലും മദ്ധ്യപൂര്‍വ്വേഷ്യയിലെ സാഹചര്യങ്ങള്‍ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും മൊത്തവിലയെ സ്വാധീനിച്ചേക്കാം.
എനര്‍ജി കണ്‍സള്‍ട്ടന്‍സി സ്ഥാപനമാായ കോണ്‍വാള്‍ ഇന്‍സൈറ്റ്, ഒക്ടോബറില്‍ വീണ്ടും 1 ശതമാനത്തിന്റെ കുറവ് ഊര്‍ജ്ജവിലയില്‍ ഉണ്ടാകും എന്നാണ് പ്രവചിക്കുന്നത്. ഇത് ഒരു ശരാശരി കുടുംബത്തിന്റെ വാര്‍ഷിക ഊര്‍ജ്ജ ബില്‍ പ്രതിവര്‍ഷം 1,697 പൗണ്ട് ആയി കുറയ്ക്കും. എന്നാല്‍, ഈ പ്രവചനത്തില്‍ അനിശ്ചിതത്വമുണ്ടെന്ന് കോണ്‍വാള്‍ തന്നെ പറയുന്നു. ഫിക്സ്ഡ് ഡീല്‍ ആവുമ്പോള്‍ ഈ മാറ്റം ബാധിക്കുകയില്ല. അതുകൊണ്ടാണ് ഏറെ പേര്‍ ഫിക്സ്ഡ് ഡീലിനായി ശ്രമിക്കുന്നത്.