യുകെയിലെ മലയാളികുടുംബത്തില്‍ മൂന്നു മാസത്തിനിടെ രണ്ടാമത്തെ കുട്ടിയുടെ വിയോഗം തീരാവേദനയായി. കോട്ടയം സ്വദേശികളായ ദമ്പതികളുടെ മകന്റെ മരണം അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെയാണ്. കോട്ടയം ജില്ലയില്‍ ഉഴവൂര്‍ പയസ് മൗണ്ട് സ്വദേശികളായ തോമസിന്റെയും സ്മിതയുടെയും മകന്‍ ഏഴുവയസുകാരനായ ഐഡനാണു യാത്രയായത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ന്യൂറോളജിക്കല്‍ രോഗം ബാധിച്ചു ചികിത്സയിലായിരുന്നു.
ഇതേ അസുഖം ബാധിച്ചു ഐഡന്റെ മൂത്ത സഹോദരി ഐറിന്‍ നാല് മാസം മുമ്പാണ് മരിച്ചത്. ആ വേദനയില്‍ നിന്ന് കരകയറുന്നതിനു മുമ്പാണ് കുടുംബത്തെ തേടി അടുത്ത വിയോഗം എത്തിയത്.
ഇക്കഴിഞ്ഞ മാര്‍ച്ച് നാലിന് ആയിരുന്നു ഐറിന്‍ മരണമടഞ്ഞത്. രണ്ടു വര്‍ഷത്തിലധികമായി രോഗം ബാധിച്ച് ചികിത്സയിലാരുന്ന ഐഡന്‍ തോമസ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു യാത്രയായത്. കുടുംബത്തിന് ആശ്വാസവുമായി മലയാളി സമൂഹം ഒപ്പമുണ്ട്.
ഐഡന്റെ സഹോദരി ഐറിനെ അടക്കിയ സെന്റ് പയസ് ടെന്‍ത് ക്‌നാനായ കത്തോലിക്കാ പള്ളിയുടെ സെമിത്തേരിയില്‍ വച്ച് സംസ്‌കാരം നടത്തുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. അതിനായുള്ള ക്രമീകരണങ്ങള്‍ നടന്നു വരികയാണെന്നും തീയതി പിന്നീട് അറിയിക്കുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
2024 മാര്‍ച്ച് 22 നാണ് അമ്മയ്ക്ക് ജോലി ലഭിച്ചതിനെ തുടര്‍ന്ന് ആശ്രിത വീസയില്‍ സഹോദരങ്ങളായ അഭിജിത്ത്, ഐറിന്‍ എന്നിവര്‍ക്ക് ഒപ്പം ഐഡന്‍ യുകെയില്‍ എത്തിയത്.