ലണ്ടന്‍: യുകെയിലെ ഇന്ത്യക്കാര്‍ക്ക് ഇനി നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമാകും. ഇന്‍ഡിഗോ എയര്‍ലൈന്‍സ് മുംബൈയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കമിട്ടു.
മുംബൈ- മാഞ്ചസ്റ്റര്‍ സര്‍വീസ് തുടങ്ങിയതോടെ ദീര്‍ഘദൂര സര്‍വീസുകളുടെ ശ്രേണിയിലേക്കു ഇന്‍ഡിഗോയും എത്തിയിരിക്കുകയാണ്. നോഴ്സ് അറ്റ്ലാറ്റിന്റ് എയര്‍വേയ്സുമായുള്ള വാടക കരാറിന്റെ കീഴിലാണ് പുതിയ സര്‍വീസ്. ആംസ്റ്റര്‍ഡാമിലേക്കുള്ള സര്‍വീസിനും ജൂലൈ 2 മുതല്‍ തുടക്കമായി. ആഗോള തലത്തിലേക്ക് സര്‍വീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ യുകെ സര്‍വീസ്. ബിസിനസുകാര്‍, വിദ്യാര്‍ഥികള്‍, സന്ദര്‍ശകര്‍ തുടങ്ങി വലിയൊരു വിഭാഗം ഇന്ത്യന്‍ സമൂഹത്തിനു പുതിയ സര്‍വീസ് പ്രയോജനം ചെയ്യും .
ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയില്‍ 3 ദിവസമാണ് മാഞ്ചസ്റ്ററിലേക്ക് സര്‍വീസ്. മുംബൈയില്‍ നിന്ന് ഇന്‍ഡിഗോയുടെ ബോയിങ് 787-9 ഡ്രീം ലൈനര്‍ ആണ് മാഞ്ചസ്റ്ററിലേക്ക് സര്‍വീസ് നടത്തുന്നത്. ഇക്കോണമിയില്‍ 282, ബിസിനസ് ക്ലാസില്‍ 56 എന്നിങ്ങനെ 2 ക്ലാസുകളിലായാണ് സീറ്റുകള്‍.
ചെക്ക് ഇന്‍ ബാഗേജില്‍ 46 കിലോയും കാബിന്‍ ബാഗേജില്‍ 12 കിലോയും അനുവദിച്ചിട്ടുണ്ട്. ഇതാദ്യമായി കോംപ്ലിമെന്ററിയായി യാത്രക്കാര്‍ക്ക് ഭക്ഷണവും ചായയും കോഫിയുമെല്ലാം വിമാനത്തില്‍ ലഭിക്കും.