ലെസ്റ്ററിലെ തെരുവില്‍ വച്ച് നടന്ന ആക്രമണത്തില്‍ പരുക്കേറ്റ കാല്‍നടയാത്രക്കാരിയായ ഇന്ത്യന്‍ വംശജ മരിച്ചു. നിള പട്ടേല്‍ (56) ആണ് മരിച്ചത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നിളയെ ആക്രമിച്ചതിന് ലെസ്റ്ററിലെ ഡോവര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന മൈക്കല്‍ ചുവുമെകയെ (23) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്.
നിളയെ ആക്രമിച്ചതിന് പുറമെ അപകടകരമായ ഡ്രൈവിങ്, ലഹരിമരുന്ന് വിതരണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കല്‍, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുക തുടങ്ങിയ ഒട്ടറെ കേസുകളില്‍ പ്രതിയാണ് മൈക്കല്‍. പ്രതിയെ ഓണ്‍ലൈന്‍ മുഖേനയാണ് ലൗബറോയിലെ ലെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയത്.
വിശ്വസ്തയായ സുഹൃത്തും കഠിനാധ്വാനിയുമായിരുന്നു അമ്മയെന്ന് നിള പട്ടേലിന്റെ മകന്‍ ജയ്ദാനും മകള്‍ ഡാനിക്കയും പറഞ്ഞു. " ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നു, പക്ഷേ ഞങ്ങളുടെ അമ്മ യഥാര്‍ഥത്തില്‍ ആരാണെന്ന് ലോകം അറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിയായിരുന്നു അമ്മ. എല്ലായ്പ്പോഴും മറ്റുള്ളവരെ തന്നെക്കാള്‍ അധികമായി പരിഗണിച്ചു. പ്രതിഫലമായി ഒന്നും ചോദിക്കാതെ മറ്റുള്ളവരെ സേവിച്ചു. ക്ഷമ, സ്നേഹം, അചഞ്ചലമായ പിന്തുണ എന്നിവയിലൂടെയാണ് അമ്മ ജീവിച്ചിരുന്നത് - മക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ജൂണ്‍ രണ്ടിന് ലെസ്റ്ററിലെ അയ് സ്റ്റോണ്‍ റോഡില്‍ നടന്ന ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവരെ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.