ആരോഗ്യ മേഖല വീണ്ടും സമ്മര്‍ദ്ദത്തിലാക്കി പുതിയ കോവിഡ് വകഭേദം യുകെയിലാകെ വ്യാപകമാകുകയാണ്. പുതിയ കോവിഡ് തരംഗത്തില്‍ ജാഗ്രത വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എക്‌സ് എഫ് ജി എന്ന പേരിലുള്ള കോവിഡ് വൈറസ് മുന്‍ വകഭേദങ്ങളേക്കാള്‍ അതി വ്യാപന ശേഷിയുള്ളതാണ്. മ്യൂട്ടേഷന്‍ കാരണം മനുഷ്യ ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ ഇതിന് കഴിയുന്നുണ്ട്. യുകെ ആരോഗ്യ മേഖലയ്ക്ക് ഇതു കടുത്ത സമ്മര്‍ദ്ദമുണ്ടാക്കും.
മേയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളില്‍ പത്തുശതമാനത്തോളം പേരില്‍ വൈറസ് സാന്നിധ്യമുണ്ട്. മൂന്നാഴ്ചയ്ക്ക് പിന്നാലെ ജൂണ്‍ പകുതിയില്‍ ഇത് 40 ശതമാനം കൂടി. ഒമിക്രോണ്‍ വകഭേദത്തിന്റെ പിന്‍ഗാമിയായ സ്ട്രാറ്റസ് വലിയ തോതില്‍ വ്യാപന ശേഷിയുള്ളവയാണ്.
ഒരു വ്യക്തിയെ ഒരേസമയം രണ്ട് വ്യത്യസ്തതരം കോവിഡ് വകഭേദങ്ങള്‍ ബാധിക്കുമ്പോള്‍, അവ സംയോജിച്ചുണ്ടാകുന്ന സങ്കരയിനം വൈറസാണിത്.
വാക്‌സിന്‍ എടുക്കാത്തതിനാല്‍ പലരുടേയും പ്രതിരോധ ശേഷി കുറവാണെന്നതും വ്യാപനത്തിന് കാരണമാകുന്നുണ്ട്. എന്നാല്‍ മാരക പ്രഹര ശേഷിയുള്ളതായി തെളിവില്ലെന്നും വാക്‌സിനെടുത്താല്‍ രോഗബാധയുടെ അളവ് കുറയ്ക്കാനാകുമെന്നും അധികൃതര്‍ പറയുന്നു. വ്യാപന ശേഷി കൂടുതലും പ്രഹര ശേഷി കുറവുമുള്ളതാണ് പുതിയ കോവിഡ് വകഭേദമെന്ന് ലോകാരോഗ്യ സംഘടനയും നേരത്തെ വ്യക്തമാക്കിയിരുന്നു.