അധികാരത്തിലെത്തിയതിനു പിന്നാലെ ലേബര്‍ പാര്‍ട്ടിയിലെ പടല പിണക്കങ്ങള്‍ വലിയ തിരിച്ചടിയാവുകയാണ്. ഏറ്റവും ഒടുവിലായി മുന്‍ എംപി സാറാ സുല്‍ത്താന പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിനുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അവര്‍ പറഞ്ഞു.
രണ്ട് കുട്ടികളുടെ ആനുകൂല്യ പരിധി നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പിന്തുണയ്ക്കാതിരുന്നതിന് കഴിഞ്ഞവര്‍ഷം അവര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കവന്‍ട്രി എംപി സ്ഥാനം അവര്‍ക്ക് രാജിവെയ്ക്കേണ്ടതായി വന്നു. കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമാന ചിന്താഗതിക്കാരായ സ്വതന്ത്ര എംപിമാരെയും പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാണ് പുതിയ പാര്‍ട്ടിയുടെ രൂപീകരണം. ഗാസയിലെ വംശഹത്യയില്‍ സര്‍ക്കാര്‍ സജീവ പങ്കാളിയാണെന്ന് സുല്‍ത്താന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു . വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യം, ക്ഷേമ പദ്ധതികളോടുള്ള സര്‍ക്കാരിന്റെ നിലപാട്, ജീവിത ചിലവ് എന്നിവയാണ് തന്റെ പുതിയ പാര്‍ട്ടി സ്ഥാപിക്കാനുള്ള കാരണങ്ങളായി അവര്‍ എടുത്തുകാണിച്ചത്.
നിലവില്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ കടുത്ത വിമത ഭീഷണിയാണ് നേരിടുന്നത്. കഴിഞ്ഞദിവസം വെല്‍ഫെയര്‍ ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നതിന് നിരവധി മാറ്റങ്ങള്‍ക്ക് സര്‍ക്കാരിന് വഴങ്ങേണ്ടിവന്നു. കഴിഞ്ഞവര്‍ഷം ഇതേ ദിവസം ജൂലൈ നാലിന് നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ അന്ന് തന്നെ മുന്‍ എംപിയുടെ പുതിയ പാര്‍ട്ടി പ്രഖ്യാപനം സ്റ്റാര്‍മറിനും സര്‍ക്കാരിനും കടുത്ത തിരിച്ചടിയായി.