വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍ തള്ളിയത് തിരിച്ചടിക്കും! ഓട്ടം ബജറ്റില്‍ നികുതി വര്‍ധന തള്ളാതെ ചാന്‍സലര്‍
വെല്‍ഫെയര്‍ ബില്‍ പരിഷ്‌കാരങ്ങള്‍ ലേബര്‍ പാര്‍ട്ടി എംപിമാരുടെ തന്നെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നത് നികുതിയുടെ രൂപത്തില്‍ ജനത്തിന്റെ ചുമലിലേക്ക് വീഴാന്‍ സാധ്യത. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് കൊണ്ടുവന്ന വെല്‍ഫെയര്‍ ബില്‍ പരിഷ്‌കാരങ്ങള്‍ ആവിയായി പോയതോടെ 5 ബില്ല്യണ്‍ പൗണ്ടിന്റെ ഭാരം വഹിക്കേണ്ട ഗതികേടിലാണ് ട്രഷറി.
എന്നാല്‍ പദ്ധതി തള്ളിയതിന്റെ പ്രത്യാഘാതം ജനങ്ങള്‍ തന്നെ അനുഭവിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ ചാന്‍സലര്‍ നല്‍കുന്ന സൂചന. അടുത്ത ഓട്ടം ബജറ്റില്‍ നികുതികള്‍ വര്‍ധിപ്പിക്കുന്നത് ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് റീവ്‌സ് വ്യക്തമാക്കുന്നത്. അതേസമയം സഭയില്‍ കരഞ്ഞെങ്കിലും താന്‍ രാജിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് റീവ്‌സ് അവകാശപ്പെട്ടു.
വെല്‍ഫെയര്‍ ബില്ലില്‍ വെള്ളം ചേര്‍ത്തതിന് വില കൊടുക്കേണ്ടി വരുമെന്ന് ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ചാന്‍സലര്‍ വ്യക്തമാക്കി. ഡൗണിംഗ് സ്ട്രീറ്റിനും, ഗവണ്‍മെന്റിനും കഴിഞ്ഞ ആഴ്ച കനത്ത തിരിച്ചടി സമ്മാനിക്കുന്നതായിരുന്നു ഇത്. ഇതോടെ ചാന്‍സലര്‍ കസേരയില്‍ റീവ്‌സിന്റെ ഭാവി സംബന്ധിച്ച് സംശയങ്ങളും ഉയര്‍ന്നു. ചാന്‍സലറുടെ കരച്ചില്‍ വിപണിയെ പിടിച്ചുകുലുക്കുകയും ചെയ്തു.
ഇതോടെ റീവ്‌സിന് പ്രധാനമന്ത്രിയുടെ പിന്തുണയുണ്ടെന്ന് നം. 10 അറിയിച്ചു. താന്‍ കരഞ്ഞത് വ്യക്തിപരമായ വിഷയം മൂലമായിരുന്നുവെന്നാണ് റീവ്‌സിന്റെ ന്യായീകരണം. എന്‍എച്ച്എസിലും, മറ്റ് സേവനങ്ങളിലും മെച്ചപ്പെട്ട നിക്ഷേപം നടത്തി രാജ്യത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയാണ് ഉദ്ദേശമെന്ന് റീവ്‌സ് ആവര്‍ത്തിക്കുന്നു.
വികലാംഗ ആനുകൂല്യങ്ങള്‍, വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ ഗവണ്‍മെന്റിനെ സമ്മര്‍ദത്തിലാക്കിയത് ചാന്‍സലറാണെന്ന് ലേബര്‍ എംപിമാര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഈ പദ്ധതികളെല്ലാം വിവാദത്തിലായതോടെ ഉപേക്ഷിക്കേണ്ടിയും വന്നു.
കഴിഞ്ഞ ബജറ്റില്‍ നികുതികള്‍ ഏര്‍പ്പെടുത്തുമ്പോഴും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വളര്‍ച്ച നേടുമ്പോള്‍ ഇതിന്റെ ആഘാതം മറികടക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ചാന്‍സലര്‍. പക്ഷെ നിലവിലെ സാമ്പത്തിക സ്ഥിതി ഈ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയാണ്. ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറുമായി റീവ്സ് പോരടിച്ചുവെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്.