നാല് ലോറികളും നാല് കാറുകളും കൂട്ടിയിടിച്ച് എം 60യില്‍ ഗതാഗത സ്തംഭനം, റോഡില്‍ ബിയര്‍ ഒഴുകി
എട്ട് വ്യത്യസ്ത വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് യു കെയിലെ പ്രധാന മോട്ടോര്‍വേകളിലെ ഗതാഗതം സ്തംഭിച്ചു. ജംഗ്ഷന്‍ 25 ബ്രെഡ്ബറി ഇന്റര്‍ചേഞ്ചിനും ജംഗ്ഷന്‍ 1 പിരമിഡ് റൗണ്ട് എബൗട്ടിനും ഇടയിലായി എം 60 സ്റ്റോക്ക്‌പോര്‍ട്ടില്‍ അടച്ചിടേണ്ടതായി വന്നു. നാല് ലോറികളും നാല് കാറുകളുമാണ് അപകടത്തില്‍ പെട്ടത്. റോഡിലാകെ ബിയര്‍ പരന്നൊഴുകുന്നുമുണ്ടായിരുന്നു. ഒരു ഹെവി ഗുഡ്‌സ് വെഹിക്കിള്‍ മധ്യത്തിലെ റിസര്‍വേഷന്‍ ബാറിയറിലെക്ക് ഇടിച്ചു കയറുന്നതും നിരവധി വിളക്കുമരങ്ങള്‍ ഇടിച്ചിടുന്നതും ചിത്രങ്ങളില്‍ വ്യക്തമാണ്.
മറ്റ് വലിയ ലോറികളിലെ ലോഡ് നിരത്തില്‍ വീഴുകയായിരുന്നു. 11:25 ന് ആയിരുന്നു അപകടം നടന്നത്. ഉടനടി എമര്‍ജന്‍സി വിഭാഗത്തെ വിവരമറിയിക്കുകയും അവര്‍ സംഭവസ്ഥലത്ത് എത്തിച്ചേരുകയും ചെയ്തു. അതേസമയത്താണ് മോട്ടോര്‍ വേ രണ്ടു ദിശകളിലെക്കും അടച്ചിട്ടത്. നിസ്സാര പരിക്കുകളേറ്റ ആറുപേരെ സംഭവസ്ഥലത്തു വെച്ചു തന്നെ ചികിത്സിച്ച് തിരിച്ചയച്ചതായി നൊര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസ് വക്താവ് അറിയിച്ചു. മറ്റ് മൂന്നുപേരെ കൂടുതല്‍ ചികിത്സകള്‍ക്കായി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
മോട്ടോര്‍ വേയുടെ പല ഭാഗങ്ങള്‍ക്കും അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് എന്നതിനാല്‍, അധികനേരം അടച്ചിടേണ്ടതായി വരുമെന്ന് നാഷണല്‍ ഹൈവെസ് അറിയിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് വലിയ ലോറികളില്‍ നിന്നും പുറത്തുവീണ ചരക്കുകല്‍ മാറ്റി വൃത്തിയാക്കേണ്ടതുണ്ട്. ചില വാഹനങ്ങളുടെ ഇന്ധന ടാങ്കുകള്‍ പൊട്ടി അവ റോഡിലൊഴുകിയിട്ടുണ്ട്. അതും നീക്കം ചെയ്യേണ്ടതുണ്ട്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തിന് നാഷണല്‍ ഹൈവേസ് ക്ഷമാപണം രേഖപ്പെടുത്തി.